മോഹന്‍ലാലിനെ ചാക്കോച്ചനും ബിജുവും പൂട്ടുമോ?

തിങ്കള്‍, 11 മാര്‍ച്ച് 2013 (20:40 IST)
PRO
മോഹന്‍ലാല്‍ ചിത്രം ‘റെഡ് വൈന്‍’ ഈ മാസം 21ന് റിലീസാവുകയാണ്. ഈ സിനിമയുടെ ഭാവി, മോഹന്‍ലാലിന് ഏറെ നിര്‍ണായകമാണ്. കര്‍മ്മയോദ്ധ, ലോക്പാല്‍ എന്നീ വമ്പന്‍ പരാജയങ്ങള്‍ക്ക് ശേഷം എത്തുന്ന ലാല്‍ ചിത്രമാണിത്. അതുകൊണ്ടുതന്നെ ഒരു വന്‍ വിജയം ഉണ്ടായെങ്കില്‍ മാത്രമേ മോഹന്‍ലാലിന് ആത്മവിശ്വാസത്തോടെ ഈ വര്‍ഷത്തെ മറ്റ് പ്രൊജക്ടുകളെ സമീപിക്കാനാവൂ.

ന്യൂജനറേഷന്‍ സ്പെഷ്യലിസ്റ്റ് ഫഹദ് ഫാസിലിനെയാണ് റെഡ് വൈനില്‍ മോഹന്‍ലാല്‍ കൂട്ടുപിടിച്ചിരിക്കുന്നത്. ഒപ്പം യുവതാരം ആസിഫ് അലിയുമുണ്ട്. നവാഗതനായ സലാം ബാപ്പുവിന് മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തത് ഈ സിനിമയുടെ കഥയുടെ പ്രത്യേകത കൊണ്ടാണ്.

രതീഷ് വാസുദേവന്‍ എന്ന പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ റെഡ് വൈനില്‍ അഭിനയിക്കുന്നത്. ഒരു കേസന്വേഷണമാണ് പ്രമേയം.

എന്നാല്‍ റെഡ് വൈനിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തി ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിജയജോഡിയായ കുഞ്ചാക്കോ ബോബന്‍ - ബിജുമേനോന്‍ ടീം എത്തുന്നു എന്നതാണ് ആവേശകരമായ കാര്യം. ‘ഓര്‍ഡിനറി’ എന്ന മെഗാഹിറ്റിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ‘3 ഡോട്ട്‌സ്’ മാര്‍ച്ച് 22നാണ് പ്രദര്‍ശനത്തിനെത്തുന്നത്. അതായത് റെഡ് വൈനും 3 ഡോട്ട്‌സും ഒരു ദിവസത്തെ വ്യത്യാസത്തില്‍ പ്രേക്ഷകരെ തേടിയെത്തുന്നു.

മോഹന്‍ലാലിനെ മത്സരിച്ച് തോല്‍പ്പിക്കാന്‍ ബിജുവിനും ചാക്കോച്ചനും കഴിയുമോ? 10 നാളുകള്‍ കൂടി കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക