മൈന, കും‌കി, കയല്‍ - ഇനി ധനുഷിന്‍റെ പ്രണയം!

തിങ്കള്‍, 2 ഫെബ്രുവരി 2015 (13:36 IST)
അവ മൂന്നും പ്രണയചിത്രങ്ങളായിരുന്നു. മൈന, കും‌കി, കയല്‍ എന്നീ തമിഴ് സിനിമകള്‍. പ്രഭു സോളമന്‍ സംവിധാനം ചെയ്ത ഈ സിനിമകള്‍ തമിഴ് സിനിമാലോകത്ത് പുതിയ സംവേദനശീലം സൃഷ്ടിച്ചവയാണ്. മണിരത്നം സിനിമകള്‍ ആസ്വദിക്കുന്ന അതേ തൃപ്തിയോടെ സിനിമാപ്രേമികള്‍ പ്രഭു സോളമന്‍റെ ഈ സിനിമകള്‍ കണ്ടു.
 
തന്‍റെ നാലാം ചിത്രത്തിനൊരുങ്ങുകയാണ് പ്രഭു സോളമന്‍. ഇത്തവണ ധനുഷിനെ നായകനാക്കിയാണ് അദ്ദേഹം സിനിമയൊരുക്കുന്നത്. ഒരു പ്രണയകഥ തന്നെയായിരിക്കും ഇതുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
 
സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. തന്‍റെ സിനിമകള്‍ക്ക് വ്യത്യസ്തങ്ങളായ ലൊക്കേഷനുകള്‍ നിര്‍ബന്ധമുള്ള പ്രഭു സോളമന്‍ ഈ സിനിമയ്ക്കായും വലിയ രീതിയിലുള്ള ലൊക്കേഷന്‍ ഹണ്ട് ആരംഭിച്ചിരിക്കുകയാണ്.
 
ഡി ഇമ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം ധനുഷിന്‍റെ വലിയ പ്രൊജക്ടുകളിലൊന്നാണ്. ബാലാജി മോഹന്‍റെ മാരി, വെട്രിമാരന്‍റെ സൂദടി എന്നീ സിനിമകളിലാണ് ധനുഷ് ഇപ്പോല്‍ അഭിനയിക്കുന്നത്. വേല്‍‌രാജ് സംവിധാനം ചെയ്യുന്ന ചിത്രവും ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ഹിന്ദിച്ചിത്രവും ധനുഷിനായി കാത്തിരിക്കുന്നുണ്ട്.
 
അതേസമയം, ഫെബ്രുവരി ആറിന് ധനുഷും അമിതാഭ് ബച്ചനും ഒന്നിച്ച ഹിന്ദിച്ചിത്രം 'ഷമിതാഭ്' റിലീസാകും. ബാല്‍കി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അക്ഷര ഹാസനാണ് നായിക.
 
ഫെബ്രുവരി 13ന് ധനുഷിന്‍റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ അനേകന്‍ പ്രദര്‍ശനത്തിനെത്തും. കെ വി ആനന്ദ് ആണ് സംവിധാനം.

വെബ്ദുനിയ വായിക്കുക