മമ്മൂട്ടി - സിദ്ദിക്ക് ചിത്രം ‘ഹിറ്റ്ലര്‍ മാധവന്‍‌കുട്ടി’ ?

ചൊവ്വ, 12 നവം‌ബര്‍ 2013 (16:40 IST)
PRO
മെഗാഹിറ്റുകളുടെ സംവിധായകന്‍ സിദ്ദിക്ക് വീണ്ടും മമ്മൂട്ടിച്ചിത്രം ചെയ്യുന്നു. ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ മെഗാഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബകഥ തന്നെയാണ് തങ്ങളുടെ മൂന്നാം ചിത്രത്തിനായും പ്ലാന്‍ ചെയ്യുന്നത്. അതേസമയം, ഈ ചിത്രത്തേക്കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.

‘ഹിറ്റ്ലര്‍ മാധവന്‍‌കുട്ടി’ വീണ്ടും വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അതേ, ഹിറ്റ്ലറിന്‍റെ രണ്ടാം ഭാഗമൊരുക്കാന്‍ സിദ്ദിക്ക് തയ്യാറെടുക്കുന്നതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് സിദ്ദിക്ക് സ്ഥിരീകരണം നടത്തിയിട്ടില്ല. മമ്മൂട്ടിച്ചിത്രത്തിനായി ഒറ്റവരിക്കഥ മാത്രമാണ് മനസിലുള്ളതെന്ന് സിദ്ദിക്ക് വ്യക്തമാക്കിയിരുന്നു.

1996 ഏപ്രില്‍ പന്ത്രണ്ടിന് വിഷുച്ചിത്രമായാണ് ഹിറ്റ്ലര്‍ പ്രദര്‍ശനത്തിനെത്തിയത്. കാലാപാനിയായിരുന്നു അന്ന് ഹിറ്റ്ലറെ നേരിട്ട പ്രധാന സിനിമ. എന്നാല്‍ മറ്റെല്ലാ സിനിമകളെയും നിലം‌പരിശാക്കി ഹിറ്റ്ലര്‍ വമ്പന്‍ ഹിറ്റായി മാറി.

40 കേന്ദ്രങ്ങളില്‍ റിലീസായ ഹിറ്റ്ലര്‍ 13 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയതായാണ് വിവരം. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രം ഹിറ്റ്ലര്‍ ആയിരുന്നു. അഞ്ച് പെങ്ങന്‍‌മാരും അവരുടെ സംരക്ഷകനായ ഹിറ്റ്ലര്‍ മാധവന്‍‌കുട്ടിയും പ്രേക്ഷകരുടെ മനസില്‍ ഇന്ന് രസകരമായ ഒരോര്‍മ്മയാണ്. അതുകൊണ്ടുതന്നെ ഹിറ്റ്ലറുടെ രണ്ടാം ഭാഗം എന്നത് വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

2014 മമ്മൂട്ടി - സിദ്ദിക്ക് ചിത്രം സംഭവിക്കും. അതിന് മുമ്പ് മേലേപ്പറമ്പില്‍ ആണ്‍‌വീടിന്‍റെ ഹിന്ദി റീമേക്ക് ചെയ്യാന്‍ സിദ്ദിക്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക