മമ്മൂട്ടിയോടുള്ള ആരാധന പഴങ്കഥ, പൃഥ്വി ഇപ്പോള്‍ വിജയ് ഫാന്‍ !

ബുധന്‍, 14 ഒക്‌ടോബര്‍ 2015 (14:30 IST)
മലയാള സിനിമയില്‍ പകരക്കാരില്ലാത്ത നടനാണ് പൃഥ്വിരാജ്. അദ്ദേഹം അഭിനയിച്ചുവിജയിപ്പിച്ച സിനിമകള്‍ പരിശോധിച്ചാല്‍ കാണാം, അവയെല്ലാം അദ്ദേഹത്തിന് മാത്രം ചെയ്യാനാകുന്ന കഥാപാത്രങ്ങളായിരുന്നു എന്ന്. സെല്ലുലോയ്ഡായാലും മുംബൈ പോലീസായാലും മെമ്മറീസായാലും എന്ന് നിന്‍റെ മൊയ്തീനായാലും. കഥാപാത്രത്തെ ഇഷ്ടമായാല്‍ അത് മനോഹരമാക്കാന്‍ പരിപൂര്‍ണമായ ഡെഡിക്കേഷനോടെ പൃഥ്വി ജോലി ചെയ്യും. അക്കാര്യത്തില്‍ മമ്മൂട്ടിയാണ് പൃഥ്വിയുടെ റോള്‍ മോഡല്‍.
 
മമ്മൂട്ടിയുടെ ആരാധകനായി പൃഥ്വി അഭിനയിച്ച ഒരു സിനിമയുണ്ട്. ‘വണ്‍‌വേ ടിക്കറ്റ്’ എന്ന ചിത്രം. ഒരു മമ്മൂട്ടി ആരാധകന്‍ എങ്ങനെയായിരിക്കുമോ അതിന്‍റെ തനിപ്പകര്‍പ്പായിരുന്നു ആ കഥാപാത്രം. എന്നാല്‍ അതൊക്കെ പഴങ്കഥയാവുകയാണ്. മമ്മൂട്ടിയോടുള്ള ആരാധനയൊക്കെ മാറ്റിവച്ച് പൃഥ്വി ഇപ്പോള്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിന്‍റെ ആരാധകനായി മാറിയിരിക്കുന്നു. അതേ, ഇളയദളപതി വിജയ് ആണ് പൃഥ്വിയുടെ പുതിയ ആരാധനാപാത്രം.
 
യഥാര്‍ത്ഥ ജീവിതത്തിലല്ല, ഒരു സിനിമയിലാണ് പൃഥ്വി വിജയ് ഫാനായി അഭിനയിക്കുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘പാവാട’യാണ് സിനിമ. വിജയുടെ ‘തുപ്പാക്കി’ റിലീസാകുന്ന ദിവസം പൃഥ്വിരാജ് വലിയ കട്ടൌട്ടില്‍ മാലയണിയിക്കുന്നതും പാലഭിഷേകം നടത്തുന്നതും നീണ്ട ക്യൂവിനുമുകളിലൂടെ ഇടിച്ചുകയറി ടിക്കറ്റെടുക്കുന്നതുമൊക്കെ മാര്‍ത്താണ്ഡന്‍ ഈ സിനിമയ്ക്കായി ചിത്രീകരിച്ചിട്ടുണ്ട്.
 
ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ബാബു ജോസഫ് എന്ന കോളജ് പ്രൊഫസറെ അനൂപ് മേനോനും അവതരിപ്പിക്കുന്നു. നെടുമുടി വേണു, മണിയന്‍‌പിള്ള രാജു, സിദ്ദിക്ക്, മിയ, ആശാ ശരത് എന്നിവരാണ് പ്രധാന താരങ്ങള്‍. മണിയന്‍‌പിള്ള രാജുവാണ് ‘പാവാട’ നിര്‍മ്മിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന പാവാട ഒരു കോമഡി എന്‍റര്‍ടെയ്നറാണ്.

വെബ്ദുനിയ വായിക്കുക