മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ചാല്‍ പടം ഹിറ്റാകുമോ?

നോയല്‍ ജൂണ്‍ വര്‍ഗീസ്

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (18:25 IST)
ഷാജി കൈലാസ് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം സംഭവിച്ചപ്പോള്‍ സിനിമാലോകത്തുനിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്ന് ഷാജി കൈലാസിനെ സഹായിക്കുന്നു.
 
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് രണ്‍ജിയും രഞ്ജിത്തും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിലെ നായകന്‍‌മാരാകും. ഇക്കാര്യം ഷാജി കൈലാസ് സ്ഥിരീകരിച്ചിരിക്കുകയാണ്.
 
അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളുണ്ട്. ഒരു മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തിന് ഷാജി കൈലാസിനെ വീണ്ടും വിജയപഥത്തിലെത്തിക്കാനാവുമോ? അല്ലെങ്കില്‍ ഒരു മമ്മൂട്ടി - ലാല്‍ ചിത്രത്തിലൂടെ മാത്രമേ ഷാജിക്ക് തിരിച്ചുവരവ് സാധ്യമാകുകയുള്ളൂ എന്നുണ്ടോ? അങ്ങനെയായിരുന്നു എങ്കില്‍ 'കിംഗ് ആന്‍റ് കമ്മീഷണര്‍' ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് സാധ്യമാക്കുമായിരുന്നില്ലേ?
 
താരമൂല്യമല്ല, നല്ല കഥയും തിരക്കഥയുമാണ് തന്‍റെ ബ്ലോക്ക് ബസ്റ്ററുകള്‍ക്ക് നട്ടെല്ലായിരുന്നതെന്ന് ഷാജി കൈലാസ് ഇനിയെങ്കിലും തിരിച്ചറിയണം. ദി കിംഗ്, നരസിംഹം, ആറാം തമ്പുരാന്‍, ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങി തിയേറ്ററുകള്‍ ഇളക്കി മറിച്ച വിജയങ്ങള്‍ ഷാജി കൈലാസ് സൃഷ്ടിച്ചത് ഒന്നാന്തരം തിരക്കഥയുടെ പിന്‍‌ബലത്താലായിരുന്നു. ഷാജിയുടെ പരാജയ ചിത്രങ്ങള്‍ക്ക് ഇല്ലാതെ പോയതും നല്ല തിരക്കഥയുടെ സാന്നിധ്യമായിരുന്നു.
 
ജഗദീഷിനെ നായകനാക്കി സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന മെഗാഹിറ്റ് ഒരുക്കിയ സംവിധായകന് ആ തിരിച്ചറിവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്നെഴുതുന്ന തിരക്കഥ ഏറ്റവും മികച്ച കൊമേഴ്സ്യല്‍ സ്ക്രിപ്റ്റും ആകട്ടെ. ഷാജി കൈലാസ് എന്ന സൂപ്പര്‍ ഡയറക്ടറെ മലയാളത്തിന് തിരികെ ലഭിക്കട്ടെ.

വെബ്ദുനിയ വായിക്കുക