ഫേസ്‌ബുക്ക് വേണ്ടെന്ന് വെച്ചതിന്റെ കാരണം ഭാവന? 'അമ്മയെ തല്ലിയാലും രണ്ട് പക്ഷം' ; ഇതൊക്കെയാണ് അതിനു കാരണമെന്ന് ആസിഫ് അലി

ബുധന്‍, 24 മെയ് 2017 (09:58 IST)
ആസിഫ് അലി നായകനായ പുതിയ ചിത്രമാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍. ഭാവനയാണ് ചിത്രത്തിൽ നായിക. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നതെങ്കിലും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് ആസിഫ് അലി ഫേസ്‌ബുക്കിൽ ലൈവിൽ പറയുന്നു. 
 
ഇതൊരു ആസിഫലി ചിത്രമായി വിലയിരുത്തപ്പെടേണ്ട എന്നോര്‍ത്ത് മാത്രമാണ് 'ഓമനക്കുട്ടന്റെ' പ്രചരണപരിപാടികളില്‍ നിന്നും വിട്ടുനിന്നതെന്നും ആസിഫലി പറയുന്നു. മോശം പ്രതികരണം മൂലമല്ല തിയറ്റര്‍ കിട്ടാത്തതിനാലാണ് സിനിമ തഴയപ്പെടുന്നത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട് ഈ സിനിമയില്‍. ഞങ്ങള്‍ വിചാരിച്ചതുപോലെ നല്ല തിയറ്ററുകളില്‍ റിലീസ് ചെയ്യാനോ പബ്ലിസിറ്റികൊടുക്കാനോ സാധിച്ചില്ല. ചിത്രം റിലീസ് ആയെന്ന് അറിയാത്തവരും ഒരുപാടുണ്ട്.’’: ആസിഫലി പറയുന്നു.
 
തന്റെ അടുത്ത സുഹൃത്തായ നടിയ്ക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മോശമായ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് താന്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് വിട്ടുനിന്നതെന്നും ആസിഫലി പറഞ്ഞു. ‘’കുറെ നാളായി ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. എന്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ വരുന്നില്ലെന്ന് പലരും ചോദിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാവനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നവും അതിനെ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ച ചെയ്ത രീതികളും ഏറെ വിഷമിപ്പിച്ചു. അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്ന ചൊല്ലിന്റെ മോഡേണ്‍ വേര്‍ഷന്‍ ഞാന്‍ ഫെയ്‌സ്ബുക്കില്‍ കണ്ടു. ആ സംഭവത്തെ രണ്ടുരീതിയില്‍ സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് ഞാന്‍ ഫെയ്‌സ്ബുക്ക് വേണ്ടെന്ന് വെച്ചത്.' ആസിഫ് അലി പറഞ്ഞു 

വെബ്ദുനിയ വായിക്കുക