ഫാസില്‍ ചിത്രത്തില്‍ മമ്മൂട്ടിയും, സിദ്ദിക്കിന്‍റെ തിരക്കഥ

ചൊവ്വ, 8 മെയ് 2012 (14:14 IST)
PRO
ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംവിധായകന്‍ സിദ്ദിക്ക് തിരക്കഥയെഴുതുന്നു. ഒരു ആക്ഷന്‍ കോമഡിച്ചിത്രമാണ് ഇവര്‍ ഒരുക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

തന്‍റെ മിക്ക ചിത്രങ്ങള്‍ക്കും ഇതുവരെ തിരക്കഥ രചിച്ചിരുന്നത് ഫാസില്‍ തന്നെയാണ്. തിരക്കഥ രചിക്കാനുള്ള ഫാസിലിന്‍റെ കഴിവിനെ പ്രിയദര്‍ശന്‍ പോലും പ്രശംസിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴ് പോലുള്ള ചുരുക്കം ചില ചിത്രങ്ങളേ മറ്റുള്ളവരുടെ തിരക്കഥയില്‍ ഫാസില്‍ ചെയ്തിട്ടുള്ളൂ. ലിവിംഗ് ടുഗെദറിന്‍റെ കനത്ത പരാജയത്തിന് ശേഷമാണ് ഇനി തല്‍ക്കാലം താന്‍ തിരക്കഥയെഴുതുന്നില്ല എന്ന് ഫാസില്‍ തീരുമാനിച്ചത്.

1998ല്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സാണ് ഫാസില്‍ ഒരുക്കിയ അവസാന ഹിറ്റ്. അതിന് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, മോസ് ആന്‍റ് ക്യാറ്റ്, ലിവിംഗ് ടുഗെദര്‍ എന്നീ മലയാള ചിത്രങ്ങളും കണ്ണുക്കുള്‍ നിലവ്, ഒരുനാള്‍ ഒരു കനവ് എന്നീ തമിഴ് ചിത്രങ്ങളും ബോക്സോഫീസ് ദുരന്തങ്ങളായിരുന്നു.

ഇത്രയും വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി ഇല്‍ക്കുന്ന ഫാസിലിനെ രക്ഷിക്കാന്‍ ശിഷ്യനായ സിദ്ദിക്ക് തന്നെ രംഗത്തെത്തുകയായിരുന്നു. ഫാസിലിന് ഒരു നല്ല തിരക്കഥയെഴുതിക്കൊടുക്കാന്‍ തന്‍റെ തിരക്കിനിടയിലും സിദ്ദിക്ക് സമയം കണ്ടെത്തി.

പ്രണയത്തിനും കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഈ സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല. കൈയെത്തും ദൂരത്തിന് ശേഷം ഫഹദ് ഫാസിലും മമ്മൂട്ടിയും വീണ്ടും ഫാസില്‍ ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ആനന്ദക്കുട്ടന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഔസേപ്പച്ചനായിരിക്കും.

വെബ്ദുനിയ വായിക്കുക