പ്രീതി വീണ്ടും ഒറ്റയ്ക്കാവുന്നു ?

IFM
പഞ്ചാബി സുന്ദരി പ്രീതി സിന്‍റയും കൂട്ടുകാരന്‍ നെസ് വാഡിയയും തമ്മില്‍ തെറ്റിപ്പിരിയലിന്‍റെ വക്കിലാണെന്ന് ബോളിവുഡ് സംസാരം. ഇക്കാര്യം ഗോസിപ്പ് കോളങ്ങളില്‍ പലതവണ മഷി പുരട്ടിയിട്ടുള്ളതാണെങ്കിലും ഇത്തവണ സംഗതി അല്‍പ്പം ഗൌരവമുള്ളതാണെന്നാണ് സൂചന.

പ്രീതിയും നെസും ഇപ്പോള്‍ ഐപിഎല്‍ പോലെയുള്ള വ്യാപാര പങ്കാളിത്വത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നാണ് ബോളിവുഡിലെ രഹസ്യ ഭാഷണങ്ങള്‍. ഇതിന് കാരണമായി പറയാന്‍ ചില ഉദാഹരണങ്ങളും കൂടിയാവുമ്പോള്‍ ആര്‍ക്കും സംശയം തോന്നിയേക്കാം.

പ്രീതിയും നെസും ഒരുമിച്ച് പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയത്രേ. ഇതു കേള്‍ക്കുമ്പോള്‍ ന്യായമായും ഒരു സംശയം തോന്നിയേക്കാം....ഐപി‌എല്‍ പരിപാടികളില്‍ രണ്ടു പേരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നല്ലോ എന്ന്, അത് വെറും വ്യാപാര ബന്ധമാണെന്നാണ് പാപരാസികള്‍ പറയുന്നത്.

ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രീതി ഒറ്റയ്ക്കല്ലേ പങ്കെടുത്തത്. ഷാരൂഖിനും മനീഷ് മല്‍‌ഹോത്രയ്ക്കുമൊക്കെ ആവേശം പകരാനായി ഇക്കഴിഞ്ഞ ഫാഷന്‍ വീക്കിലും ഈ സുന്ദരിക്കുട്ടി ഒറ്റയ്ക്കല്ലേ വന്നത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടി പറയാനായെന്നും വരില്ല.

ഇതൊക്കെ പോരാഞ്ഞ്, നെസിന്‍റെ മാതാവ് മൌറീന്‍ വാഡിയയ്ക്കും പ്രീതിയെ അത്ര പിടുത്തമില്ലെന്നാണ് സംസാരം. പ്രീതിയുടെ കാര്യം ചീദിക്കുമ്പോള്‍ മൌനിയാവാന്‍ ഇഷ്ടപ്പെടുന്ന മൌറീന്‍ പക്ഷേ മരുമകള്‍ സെലീനയെക്കുറിച്ച് പറയേണ്ടി വരുമ്പോള്‍ സംസാരം നിര്‍ത്താന്‍ പാടുപെടുമെന്നും ബോളിവുഡില്‍ പരസ്യമാണ്.

പക്ഷേ, പ്രീതി ഇതൊന്നും സമ്മതിച്ചു തരുന്നില്ല. ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം നുണക്കുഴി തെളിയിച്ചു കൊണ്ടുള്ള പതിവ് പൊട്ടിച്ചിരി തന്നെ മറുപടി !

വെബ്ദുനിയ വായിക്കുക