മലയാളത്തിന്‍റെ പ്രിയനടി കാവ്യാമാധവന്‍റെ കുടുംബജീവിതത്തിലെ താളപ്പിഴകള്‍ക്ക് കാരണം സ്ത്രീധനം. വിവാഹത്തിന് കൊടുത്തതു കൂടാതെ കോടിക്കണക്കിന് രൂപയും രണ്ട് വീടുകളുമാണ് നിശാല്‍ ചന്ദ്രയും കുടുംബവും കാവ്യാമാധവന്‍റെ വീട്ടുകാരോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും ഈ നിലപാടുകളില്‍ മനം നൊന്ത കാവ്യ ഇനി ഈ ബന്ധം തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമാരംഗത്തെ ചില പ്രമുഖരുടെ സഹായവും ഇക്കാര്യത്തില്‍ കാവ്യയ്ക്കുണ്ട് എന്നാണ് സൂചന.
അതേ സമയം കാവ്യമാധവന്‍ വീണ്ടും സിനിമയില്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാഫി സംവിധാനം ചെയ്യുന്ന ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തില്‍ കാവ്യയെ നായികയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകന്‍. മറ്റു പല വമ്പന്‍ ചിത്രങ്ങളുടെ ഓഫറുകളും കാവ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളില്‍ വിഷമിക്കുന്ന കാവ്യയ്ക്ക് പുതിയ ചിത്രങ്ങളിലെ അവസരങ്ങള്‍ ആശ്വാസകരമാകുമെന്നാണ് കരുതുന്നത്.
നീലേശ്വരത്തും എറണാകുളത്തും കാവ്യയുടെ കുടുംബത്തിനുള്ള വീടുകളാണ് നിശാല്‍ ചന്ദ്രയും കുടുംബവും ആവശ്യപ്പെട്ടതെന്നാണ് കാവ്യയോട് അടുത്തു നില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഞ്ചുകോടിയോളം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്തത്രേ. ഈ ആവശ്യങ്ങളോട് കാവ്യയുടെ വീട്ടുകാര്‍ മറ്റു നിവൃത്തിയില്ലാതെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. പണം പല തവണകളായി തന്നു തീര്‍ക്കാമെന്നും വീടുകള്‍ എഴുതി നല്‍കാമെന്നും കാവ്യയുടെ ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ ഇങ്ങനെ കീഴടങ്ങുന്നത് ശരിയല്ലെന്നും, പണം മാത്രമല്ല ദാമ്പത്യമെന്നും കാവ്യ ബന്ധുക്കളെ അറിയിച്ചു.
പണം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായതോടെ കാവ്യ വീണ്ടും അഭിനയിക്കണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടത്രേ. പണം മാത്രം ലക്‍ഷ്യം വച്ചുള്ള ഈ ആവശ്യങ്ങള്‍ക്കു വഴങ്ങാന്‍ കാവ്യ തയ്യാറായില്ല. പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കാവ്യ നാട്ടിലേക്ക് പോരുകയായിരുന്നു.
ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കായി ശ്രമം നടക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം വിജയിക്കും എന്നത് വ്യക്തമല്ല. കേസുമായി മുന്നോട്ടുപോകാനാണ് കാവ്യയുടെയും വീട്ടുകാരുടെയും തീരുമാനമെന്നും ചില കേന്ദ്രങ്ങളില്‍ നിന്നും സൂചന ലഭിക്കുന്നു.