പ്രഭുദേവയ്ക്ക് ചിമ്പുവിന്റെ സാരോപദേശം!

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (16:47 IST)
PRO
പ്രഭുദേവയുടെ ഭാര്യ റം‌ലത്തും നയന്‍‌താരയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടയില്‍ പ്രഭുദേവയ്ക്ക് നയന്‍‌താരയുടെ മുന്‍ കാമുകന്റെ ഉപദേശം. നയന്‍‌താരയുടെ ശരിക്കുള്ള സ്വഭാവം പ്രഭുദേവയ്ക്ക് അറിയില്ലെന്നും അത് അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിലാണ് താന്‍ ഉപദേശിക്കുന്നതെന്നും ചിലമ്പരശന്‍ എന്ന ചിമ്പു പറഞ്ഞതായറിയുന്നു. എത്രയും പെട്ടെന്ന് നയന്‍‌താരയെ മറക്കുന്നതാണ് നല്ലതെന്നും പ്രഭുദേവയോട് ചിമ്പു ഉപദേശിച്ചെത്രെ.

പ്രഭുദേവ - നയന്‍‌താര പ്രണയം കോടമ്പാക്കത്തെ ഇളക്കിമറിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും ചൂടുള്ള വാര്‍ത്തയാണ്. നയന്‍‌താരയെ കിട്ടിയാല്‍ ചെരുപ്പെടുത്ത് അടിക്കുമെന്ന് പ്രഭുദേവയുടെ ഭാര്യ റം‌ലത് പറഞ്ഞതോടെയാണ് ‘പ്രഭുദേവ - നയന്‍‌താര പ്രണയം’ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. തന്നെ അടിച്ചാല്‍ താനും അടിക്കുമെന്ന് നയന്‍‌താര ചുട്ട മറുപടി നല്‍‌കിയതോടെ മാധ്യമങ്ങള്‍ ഇവരുടെ വാഗ്വാദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ തുടങ്ങി.

റം‌ലത്തും നയന്‍‌താരയും ഇരുവരുടെയും കുടുംബാംഗങ്ങളും പോരിനിറങ്ങിയിട്ടും പ്രഭുദേവ മാത്രം മൌനം പാലിക്കുകയാണ്. നടക്കുന്ന പോരില്‍ പങ്കെടുക്കരുതെന്ന് പ്രഭുദേവയുടെ വക്കീല്‍ വിലക്കിയിട്ടുണ്ടെത്രെ. സിനിമാതാരങ്ങള്‍ക്ക് ഇടയില്‍ സൌഹൃദവും അതിരുകടന്ന സൌഹൃദവുമൊക്കെ പതിവാണെന്നും അതൊന്നും കുടുംബ ജീവിതത്തെ ബാധിക്കില്ലെന്നുമാണ് വക്കീല്‍ മാധ്യമങ്ങളോട് പറയുന്നത്.

ഭാര്യയും കാമുകിയും കൂടി തന്റെ ‘ഇമേജ്’ കളങ്കപ്പെടുത്തുന്നതില്‍ പ്രഭുദേവയ്ക്ക് അതിയായ വിഷമമുണ്ട്. ഈ പോര് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ പ്രഭുദേവയ്ക്ക് ആഗ്രഹമുണ്ടെങ്കിലും കഴിയുന്നില്ല. ആരെയെങ്കിലും തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയാലേ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന് പ്രഭുദേവയ്ക്കറിയാം. എന്നാല്‍, ഭാര്യയെയോ കാമുകിയെയോ ഒഴിവാക്കാന്‍ മനസ് വരുന്നുമില്ല. അപ്പോഴാണ്, സ്വാന്തനമെന്നോണം, തന്റെ കാമുകിയുടെ പഴയ കാമുകന്‍, സാക്ഷാല്‍ ചിമ്പു പ്രഭുദേവയെ വിളിക്കുന്നത്.
PRO


“എല്ലാവരേക്കാളും എനിക്ക് നയന്‍‌താരയെ അറിയാം. ബാച്ച്ലര്‍ ആയ എനിക്ക് ഇപ്പോഴും നയന്‍‌താരയെ മറക്കാന്‍ ആയിട്ടില്ല. നിങ്ങള്‍ കുടുംബവും കുട്ടികളും ഒക്കെയുള്ള ആളല്ലേ? ജാഗ്രത പാലിക്കുക. പലതും പറഞ്ഞ് മോഹിപ്പിച്ച് ഒരുദിവസം എന്നെ വിട്ടെറിഞ്ഞ് പോയവളാണ് ആ സ്ത്രീ. എനിക്കുണ്ടായ ദുരന്തം നിങ്ങള്‍ക്ക് ഉണ്ടാവരുതെന്ന് കരുതി പറയുന്നതാണ്. എത്രയും പെട്ടെന്ന് അവരെ മറക്കുക” - പ്രഭുദേവയോട് ചിമ്പു ഉപദേശിച്ചെത്രെ.

പലരും ഉപദേശിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയാവര്‍ജ്ജകമായ രീതിയിലുള്ള ഉപദേശം ആദ്യമായാണെത്രെ പ്രഭുദേവയ്ക്ക് കിട്ടുന്നത്. വളരെ സൌമ്യനും നല്ല സ്വഭാവക്കാരനുമായ പ്രഭുദേവയ്ക്ക് ചിമ്പുവിന്റെ ഉപദേശത്തിന്റെ പൊരുള്‍ പിടികിട്ടിയിട്ടുണ്ടെത്രെ. ‘കടിച്ചതുമില്ല പിടിച്ചതുമില്ല’ എന്ന അവസ്ഥ വന്നാല്‍ പിന്നെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് പതിയെ പതിയെ പ്രഭുദേവയ്ക്ക് മനസിലാകും എന്നുതന്നെയാണ് ചിമ്പുവിന്റെ പ്രതീക്ഷ!

വെബ്ദുനിയ വായിക്കുക