പ്രതിഫലം വില്ലനായി, ‘ റാണി പദ്മിനി’യില്‍ നിന്ന് മഞ്ജു വാര്യര്‍ പുറത്ത്

വ്യാഴം, 12 മാര്‍ച്ച് 2015 (14:08 IST)
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് മഞ്ജു വാര്യര്‍. ഒരു കോടി രൂപയാണ് ഇപ്പോള്‍ മഞ്ജുവിന്‍റെ പ്രതിഫലം. എന്നാല്‍ ഈ ഉയര്‍ന്ന പ്രതിഫലം മഞ്ജുവിനുതന്നെ ദോഷമാകുമെന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
ആഷിക് അബു സംവിധാനം ചെയ്യുന്ന ‘റാണി പദ്മിനി’ എന്ന സിനിമയില്‍ നിന്ന് മഞ്ജുവിനെ മാറ്റിയെന്നാണ് പുതിയ വിവരം. മഞ്ജുവിന്‍റെ ഉയര്‍ന്ന പ്രതിഫലം തന്നെയാണ് വില്ലനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് മഞ്ജു സ്വീകരിച്ചതോടെ പ്രൊജക്ടില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവത്രെ.
 
മഞ്ജുവാര്യരെയും റിമ കല്ലിങ്കലിനെയും നായികമാരാക്കിയാണ് ആഷിക് അബു ‘ റാണി പദ്മിനി’ ആലോചിച്ചത്. ഫഹദ് ഫാസിലിനെയാണ് നായകനായി ആലോചിച്ചത്. ഏറെ വിപ്ലവകരമായ ഒരു സബ്ജക്ടായിരുന്നുവത്രെ ഈ സിനിമയുടേത്. എന്നാല്‍ മഞ്ജുവിനെ മാറ്റിയതോടെ കഥയിലും മാറ്റം വരുത്താനൊരുങ്ങുകയാണ് ആഷിക് അബു എന്നാണ് റിപ്പോര്‍ട്ടുകള്‍.‌

വെബ്ദുനിയ വായിക്കുക