പ്രതാപ് പോത്തനോ? മറുപടി അര്‍ഹിക്കുന്നില്ല: ജയറാം

തിങ്കള്‍, 22 ജൂണ്‍ 2015 (15:12 IST)
ജയറാം ശാന്തസ്വഭാവക്കാരനാണ്. വിവാദങ്ങളുണ്ടാക്കാനോ ആര്‍ക്കെങ്കിലുമെതിരെ ആരോപണങ്ങളുന്നയിക്കാനോ ഒന്നും ജയറാം ഒരിക്കലും ശ്രമിച്ചിട്ടില്ല. അറിയാതെ ചില വിവാദങ്ങളില്‍ പെട്ടതൊഴിച്ചാല്‍ കാല്‍ നൂറ്റാണ്ടിലധികം നീളുന്ന ജയറാമിന്‍റെ സിനിമാജീവിതം ക്ലീസ് സര്‍ട്ടിഫിക്കേറ്റിന് അര്‍ഹം. 
 
ജയറാമിനെതിരെ പ്രതാപ് പോത്തന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു കുറിപ്പ് കുറച്ചുനാള്‍ മുമ്പ് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ജയറാം ഒന്നും പ്രതികരിച്ചിരുന്നില്ല. മാധ്യമങ്ങളെല്ലാം ജയറാമിന്‍റെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
 
എന്നാല്‍, ഇപ്പോള്‍ ആദ്യമായി ഈ വിവാദത്തോട് ജയറാം പ്രതികരിച്ചിരിക്കുന്നു. ‘പ്രതാപ് പോത്തന്‍റെ വിമര്‍ശനങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല’ എന്നാണ് ജയറാമിന്‍റെ പ്രതികരണം.
 
ഓസ്‌ട്രേലിയയില്‍ എസ്‌ബിഎസ്‌ മലയാളം റേഡിയോയുമായി സംസാരിക്കവെയാണ്‌ ജയറാം ഇത്തരത്തില്‍ പ്രതികരിച്ചത്‌. 
 
പ്രതാപ്‌ പോത്തന്റെ വിമര്‍ശനത്തോട്‌ എന്താണ്‌ പറയുന്നത് എന്നായിരുന്നു ജയറാമിനോടുള്ള ചോദ്യം. “നമുക്കത്‌ വിടാം. അത്‌ മറുപടി അര്‍ഹിക്കാത്ത വിഷയമാണ്‌. വിവാദങ്ങള്‍ക്കൊന്നും എനിക്ക്‌ താല്‍പ്പര്യമില്ല” - ജയറാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക