പെണ്‍കുട്ടികള്‍ക്ക് സഹായവുമായി മോഹന്‍ലാല്‍!

വെള്ളി, 8 ഒക്‌ടോബര്‍ 2010 (19:34 IST)
PRO
ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് അപരിചിതമായ സ്ഥലത്ത് എത്തിപ്പെട്ടാല്‍ എന്തുചെയ്യും? എങ്ങനെ ആ അവസ്ഥയെ നേരിടണം? ഇതൊന്നും ആലോചിച്ച് ഇനി ബുദ്ധിമുട്ടേണ്ടതില്ല. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പെണ്‍കുട്ടികളുടെ രക്ഷയ്ക്ക് എത്തുകയാണ്. അതേ, നിത്യജീവിതത്തില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് മോഹന്‍ലാല്‍ പഠിപ്പിച്ചുതരുന്നു!

കേരള സ്‌റ്റേറ്റ്‌ വിമന്‍സ്‌ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ തയ്യാറാക്കുന്ന `യാത്ര' എന്ന വീഡിയോ ഡോക്യുമെന്‍ററിയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വെല്ലുവിളി ഉയര്‍ത്തുന്ന ഓരോ സാഹചര്യത്തെയും എങ്ങനെ അഭിമുഖീകരിക്കണം എന്ന് പെണ്‍കുട്ടികളെ ബോധവതികളാക്കുന്നതിനായാണ് ഈ ഡോക്യുമെന്‍ററി തയ്യാ‍റാക്കുന്നത്.

പെണ്‍കുട്ടികള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലിനായുള്ള ടിപ്‌സുകളും, സഹായത്തിനായി വിളിക്കേണ്ട ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകളും, ആശ്രയിക്കേണ്ട സ്‌ഥാപനങ്ങളുടെ വിലാസങ്ങളും ഡോക്യുമെന്‍ററിയില്‍ ചേര്‍ക്കുന്നുണ്ട്. 45 മിനിറ്റാണ് ഈ ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം.

കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്കൂളുകളില്‍ ഈ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മോഹന്‍ലാല്‍ അവതാരകനായതിനാല്‍ ഈ ഡോക്യുമെന്‍ററിക്ക് വന്‍ സ്വീകാര്യത ലഭിക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

വെബ്ദുനിയ വായിക്കുക