പൃഥ്വിയുടെ കാമുകി സംവൃത തന്നെ!

ബുധന്‍, 13 ജനുവരി 2010 (14:30 IST)
PRO
കുറച്ചുകാലമായി പൃഥ്വിരാജും സംവൃത സുനിലും ഗോസിപ്പുകോളക്കാരുടെ ഇഷ്ടതാരങ്ങളാണ്. കുറേയധികം ചിത്രങ്ങളില്‍ ഇരുവരും ജോഡിയായി വന്നതോടെയാണത്. ഇരുവരും ഈ പ്രണയകഥ നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡികളിലൊന്നാണിത്. ഇപ്പോഴിതാ വീണ്ടും പൃഥ്വിരാജിന്‍റെ കാമുകിയായി സംവൃത വരികയാണ്.

‘കഥ പറയുമ്പോള്‍’ സംവിധാനം ചെയ്ത എം മോഹന്‍റെ പുതിയ ചിത്രമായ മാണിക്യക്കല്ലിലാണ് പൃഥ്വിയും സംവൃതയും നായകനും നായികയുമാകുന്നത്. പൃഥ്വിരാജ് ഒരു സ്കൂള്‍ അധ്യാപകനെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും മോഹന്‍ തന്നെയാണ്.

വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്കൂളിലെ കായിക അധ്യാപികയുടെ റോളിലാണ് സംവൃത എത്തുക. തിരക്കഥ, വാസ്തവം, ചോക്ലേറ്റ്, അച്ഛനുറങ്ങാത്ത വീട്, പുണ്യം അഹം, റോബിന്‍ഹുഡ്, രഘുപതി രാഘവ രാജാറാം എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിയും സംവൃതയും ഒന്നിക്കുന്ന ചിത്രമാണ് മാണിക്യക്കല്ല്.

ഗുരു - ശിഷ്യ ബന്ധത്തിന്‍റെ കഥയാണ് മാണിക്യക്കല്ല് പറയുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്. മുകേഷ്, ജഗതി, ഇന്നസെന്‍റ്‌, സലിം കുമാര്‍, കോട്ടയം നസീര്‍, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങി ‘കഥ പറയുമ്പോള്‍’ ടീമിലെ മിക്ക താരങ്ങളും മാണിക്യക്കല്ലില്‍ അഭിനയിക്കുന്നുണ്ട്.

എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാര്‍. ഗൌരി മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ ഗിരീഷ് ലാലാണ് മാണിക്യക്കല്ല് നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക