“ഇന്ന് രാവിലെ ഗോസിപ്പ് ഉണ്ടാക്കാന്‍ വിഷയമൊന്നുമില്ല. എന്നാല്‍ ഒരു വിഷയം ഉണ്ടാക്കിക്കളയാം. നായകന്‍ പതിവു പോലെ പൃഥ്വിരാജ് തന്നെ. അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് ഇതുവരെ കഥകള്‍ പരക്കാത്ത നായികയെ കണ്ടെത്തണം. എങ്കില്‍ സംവൃത സുനില്‍ ഇരിക്കട്ടെ” - ഈ രീതിയില്‍ ആരെങ്കിലും പടച്ചുണ്ടാക്കിയ കഥയാണോ എന്നത് വ്യക്തമല്ല. പക്ഷേ, പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും പരക്കുന്നു.
ഗോസിപ്പു കോളങ്ങളില്‍ ഇതുവരെ സ്ഥാനം പിടിച്ചിട്ടുള്ള താരമല്ല സംവൃതാ സുനില്‍. ഒരു നല്ല അഭിനേത്രി എന്ന നിലയില്‍ ഏവരും അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ പൃഥ്വിരാജ്, ഗോസിപ്പ് നിര്‍മ്മാതാക്കളുടെ ഇഷ്ടതാരമാണ്. പൃഥ്വി അനങ്ങിയാല്‍ ഗോസിപ്പ് പരക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇരുവരെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ താരങ്ങള്‍ നിഷേധിച്ചു.
അങ്ങനെയൊരു പ്രണയത്തെക്കുറിച്ച് ആലോചിച്ചിട്ടുകൂടിയില്ലെന്നാണ് സംവൃത പ്രതികരിച്ചത്. പുതിയ ഗോസിപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പൃഥ്വിയും കൈമലര്‍ത്തി. എന്തായാലും പൃഥ്വിയുടെ പേരില്‍ അടുത്ത ഗോസിപ്പ് വരുന്നതു വരെ സംവൃത നായികയായുള്ള കഥ ചൂടപ്പം പോലെ പ്രചരിക്കുമെന്ന് ഉറപ്പാണ്.
അച്ഛനുറങ്ങാത്ത വീട്, വാസ്തവം, ചോക്ലേറ്റ്, തിരക്കഥ എന്നിവയാണ് പൃഥ്വിയും സംവൃതയും ഒന്നിച്ച സിനിമകള്‍. റോബിന്‍ഹുഡ് എന്ന പുതിയ ചിത്രത്തിലും പൃഥ്വിക്കൊപ്പം സംവൃത അഭിനയിക്കുന്നുണ്ട്.