ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കൊച്ചി അത്ര ശാന്തമല്ല!

ചൊവ്വ, 31 ഡിസം‌ബര്‍ 2013 (14:49 IST)
PRO
കൊച്ചി കേന്ദ്രമാക്കി ഒരു സിനിമകൂടി ഒരുങ്ങുന്നു. കൊച്ചി പശ്ചാത്തലമാക്കിയുള്ള അധോലോക കഥകള്‍ പറയുന്ന സിനിമകള്‍ ഒട്ടേറെ സമീപകാലത്ത് വന്നിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയാണ് ‘ഗോഡ്സ് ഓണ്‍ കണ്‍‌ട്രി’ എന്ന ചിത്രം പറയുന്നത്. ന്യൂജനറേഷന്‍ സിനിമകളുടെ ദൈവമായ ഫഹദ് ഫാസില്‍ നായകനാകുന്ന ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയായി.

‘പ്രിയം’ ഫെയിം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനെ കൂടാതെ ശ്രീനിവാസന്‍, ലാല്‍, ഇഷ തല്‍വാര്‍, മൈഥിലി, ലെന, നന്ദു, സുധീര്‍ കരമന, മണിക്കുട്ടന്‍, ജയരാജ്‌ വാരിയര്‍, ലക്ഷ്മി പ്രിയ എന്നിവരും പ്രധാന താരങ്ങളാണ്. ആന്‍റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ്‌ നിര്‍മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രോഡ്യൂസേഴ്സ് അജി മേടയില്‍, ഹസീബ് ഹനീഫ് എന്നിവരാണ്‌.

അടുത്ത പേജില്‍ - അവര്‍ക്ക് ചില ലക്‍ഷ്യങ്ങളുണ്ട്!

PRO
നവാഗതരായ അരുണ്‍ ഗോപിനാഥ്, അനീഷ്‌ ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ രചന നിര്‍വഹിക്കുന്ന ചിത്രം കൊച്ചി നഗരത്തില്‍ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും ചില ലക്‍ഷ്യങ്ങളുമായി കൊച്ചി നഗരത്തില്‍ എത്തി ചേരുന്ന കുറെ മനുഷ്യര്‍, അപ്രതീക്ഷിതമായ ചില സംഭവങ്ങളില്‍ ഇടപെടേണ്ടിവരികയും അതോടെ അവരുടെ ജീവിതങ്ങള്‍ മാറിമറിയുകയും ചെയ്യുന്നതാണ്‌ കഥയുടെ ഇതിവൃത്തം.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് രതീഷ്‌ രാജും, കലാസംവിധാനം ബാവയുമാണ്. അനു എലിസബത്ത് ജോസിന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജശേഖര്‍ ആണ് ചിത്രത്തിന്‍റെ സംഘട്ടനരംഗങ്ങള്‍ ചെയ്തിരിക്കുന്നത്.

ദുബായ് ആണ് ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ലോക്കേഷന്‍. ജനുവരി അവസാനം ചിത്രീകരണം പൂര്‍ത്തിയാകുന്ന ‘ഗോഡ്സ് ഓണ്‍ കണ്‍‌ട്രി’ മാര്‍ച്ച്‌ അവസാനവാരം പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക