അജയ് ദേവ്ഗണ്‍ 16 വയസുള്ള മകളുടെ പിതാവായി അഭിനയിച്ചാല്‍ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണത്രേ നായകന് മകള്‍ വേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പകരം, നായകന്‍റെ സഹോദരി കൊലപാതകം ചെയ്യുന്ന രീതിയിലേക്ക് കഥ മാറ്റിയെടുക്കാനാണ് തീരുമാനം.
മലയാള സിനിമയിലെ മഹാവിജയമായ 'ദൃശ്യം' ഒട്ടേറെ കോപ്പിയടി വിവാദങ്ങളെ അതിജീവിച്ച ഒരു ചിത്രമാണ്. കീഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് നോവലിസ്റ്റിന്‍റെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' എന്ന ത്രില്ലര്‍ നോവലിന്‍റെ കോപ്പിയാണ് ദൃശ്യം എന്നൊരു ആരോപണം സജീവമായിരുന്നു. എന്നാല്‍ ആ ആരോപണം സംവിധായകന്‍ ജീത്തു ജോസഫ് തള്ളിക്കളഞ്ഞതാണ്.
'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' എന്ന നോവലിന്‍റെ കഥാസാരം ഇതാണ് - യസുകോ ഹനകോവ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. ഏകമകള്‍ മിസാട്ടോയുമുണ്ട് അവള്‍ക്കൊപ്പം. ഒരു ദിവസം യസുകോയുടെ ഭര്‍ത്താവ് തൊഗാഷി അവരുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിനിടെ തൊഗാഷി മരിക്കുന്നു. അമ്മയും മകളും പരിഭ്രാന്തരാകുന്നു. അയല്‍ക്കാരനായ മധ്യവസ്കന്‍ ഇഷിഗാമി ഈ സമയം അവിടെയെത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ മാത്രമല്ല, കൊലപാതകത്തിന്‍റെ ലക്ഷണങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗണിതാധ്യാപകനായ ഇഷിഗാമി ഗണിത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ക്രൈം കവറപ്പ് ചെയ്യുന്നത്. ഈ നോവല്‍ ജാപ്പനീസ് ഭാഷയില്‍ സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്.