ദിലീപ് വീണു, മലയാള സിനിമയില്‍ ഇനി മോഹന്‍ലാല്‍ ഭരണം!

വ്യാഴം, 27 ജൂലൈ 2017 (15:55 IST)
മലയാള സിനിമയെ അടക്കിഭരിച്ച കൊച്ചിരാജാവിന്‍റെ പതനം അവിശ്വസനീയതയോടെയാണ് ഇപ്പോഴും എല്ലാവരും വീക്ഷിക്കുന്നത്. ദിലീപ് എന്ന സൂപ്പര്‍താരത്തില്‍ നിന്ന് ദിലീപ് എന്ന കുറ്റവാളിയിലേക്കുള്ള പെട്ടെന്നുള്ള ജനപ്രിയനായകന്‍റെ വീഴ്ചയില്‍ മലയാള സിനിമാലോകം ഒന്നാകെ ആടിയുലയുകയാണ്.
 
താരസംഘടനയില്‍, നിര്‍മ്മാതാക്കളുടെ സംഘടനയില്‍, വിതരണക്കാരുടെ സംഘടനയില്‍, സാങ്കേതികവിദഗ്ധരുടെ സംഘടനയില്‍ - എല്ലാം നിര്‍ണായക സ്വാധീനമുണ്ടായിരുന്നയാളാണ് ദിലീപ്. ഒരൊറ്റ ദിവസം കൊണ്ടാണ് ഈ സംഘടനകളില്‍ നിന്നെല്ലാം ദിലീപ് പുറത്തായത്.
 
ദിലീപ് പുറത്തായതോടെ ഇനി മലയാള സിനിമ ഭരിക്കുന്നത് മോഹന്‍ലാല്‍ ആയിരിക്കും. മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള താരം എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവും വിതരണക്കാരനും എന്ന നിലയിലും മോഹന്‍ലാല്‍ അജയ്യനാണ്. വിതരണക്കാരുടെ സംഘടനയുടെ തലപ്പത്ത് ആന്‍റണി പെരുമ്പാവൂരാണ് എന്നതും ഓര്‍ക്കണം.
 
പുലിമുരുകന്‍റെ അസാധാരണ വിജയത്തോടെ എതിരാളികളില്ലാത്ത താരമായി മോഹന്‍ലാല്‍ മാറിയിരുന്നു. ഇപ്പോള്‍ സംഘടനാരംഗത്തും മോഹന്‍ലാല്‍ പിടിമുറുക്കുകയാണ്. സാങ്കേതികവിദഗ്ധരുടെ സംഘടനയായ മാക്ടയില്‍ മാത്രമാണ് മോഹന്‍ലാല്‍ അംഗമല്ലാത്തത്. എന്നാല്‍ മാക്ട ഭരിക്കുന്നത് മോഹന്‍ലാലിന്‍റെ അടുപ്പക്കാര്‍ തന്നെയാണ്.
 
അതോടെ ദിലീപിനുണ്ടായിരുന്ന അധീശത്വം പൂര്‍ണമായും ഇപ്പോള്‍ മോഹന്‍ലാലിലേക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. മലയാള സിനിമയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുന്ന ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകളുമായി പതറാത്ത ചുവടുകളോടെ മലയാളത്തിന്‍റെ എക്കാലത്തെയും ജനപ്രിയനായകന്‍ മോഹന്‍ലാല്‍ മുന്നോട്ടുതന്നെ.

വെബ്ദുനിയ വായിക്കുക