സിനിമയുടെ വിപണനത്തിന് മലയാളത്തില്‍ ദിലീപിനെ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും. അത് അദ്ദേഹം അവസാനമായി തെളിയിച്ചത് ട്വന്‍റി20യിലാണ്. ആ സിനിമയുടെ അത്ഭുതവിജയത്തിന് ദിലീപിന്‍റെ കൃത്യതയാര്‍ന്ന പ്ലാനിംഗ് ഏറെ സഹായകരമായിരുന്നു എന്നാണ് കാണി വിശ്വസിക്കുന്നത്. ഇപ്പോഴിതാ, മലയാള സിനിമയില്‍ മറ്റാരും ധൈര്യപ്പെടാത്ത ഒരു ഇന്ദ്രജാലത്തിന് ദിലീപ് മുതിര്‍ന്നിരിക്കുന്നു.
വിഷു സീസണ്‍, ജൂലൈ നാല് തുടങ്ങിയ സമയങ്ങളൊക്കെ ദിലീപിന് എത്രമാത്രം പ്രിയപ്പെട്ടതാണ് എല്ലാവര്‍ക്കും അറിയാം. ഈ സമയങ്ങളില്‍ തന്‍റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ ദിലീപ് ആവുന്നത്ര ശ്രമിക്കാറുമുണ്ട്. ഈ വര്‍ഷവും വിഷുവിനായി ഒരു ദിലീപ് ചിത്രം അണിയറയില്‍ ഒരുങ്ങിയതാണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡ്. ജൂലൈ നാലിനും ദിലീപ് തന്‍റെ ഒരു ചിത്രം ചാര്‍ട്ട് ചെയ്തു - ഫാസില്‍ സംവിധാനം ചെയ്യുന്ന മോസസ് ഡി സാമുവല്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് കാര്യങ്ങളാകെ തകിടം മറിഞ്ഞത്.
ബോഡി ഗാര്‍ഡിന്‍റെ ചിത്രീകരണം ഇനി 25 ദിവസത്തിലധികം വേണ്ടി വരും. നായികയായി അഭിനയിക്കുന്ന നയന്‍താരയുടെ ഡേറ്റുകളും ക്ലാഷായി. അതോടെ ബോഡിഗാര്‍ഡ് വിഷുവിന് റിലീസ് ചെയ്യാമെന്ന ദിലീപിന്‍റെ ആഗ്രഹത്തിന് തിരിച്ചടിയേറ്റു. എന്നാല്‍ ഇതുകൊണ്ടൊന്നും തളരാന്‍ ജനപ്രിയതാരം തയ്യാറായില്ല.
ഉടന്‍ തന്നെ ഫാസിലിനെ വിളിച്ച് മോസസ് ഡി സാമുവലിന്‍റെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമോ എന്നന്വേഷിച്ചു. ആ സിനിമയുടെ അമ്പത് ശതമാനത്തിലധികം ചിത്രീകരണം കഴിഞ്ഞതാണ്. ബാക്കി ഷൂട്ടിംഗ് ഉടന്‍ തുടങ്ങാമെന്ന് ഫാസില്‍ ഉറപ്പു നല്‍കി. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചാല്‍ മാര്‍ച്ച് 23ന് ചിത്രീകരണം അവസാനിപ്പിക്കാം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗം തീര്‍ത്താല്‍ ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യാം. എന്തായാലും മോസസിന്‍റെ ചിത്രീകരണം ആരംഭിക്കുകയാണ്.
ദിലീപിന്‍റെ ഭാഗ്യദിനമായ ജൂലൈ നാലിന് ബോഡിഗാര്‍ഡ് റിലീസ് ചെയ്യും. എന്തായാലും ഒരു തകര്‍പ്പന്‍ ‘എക്സ്ചേഞ്ച്’ ആണ് ദിലീപ് നടത്തിയിരിക്കുന്നതെന്നാണ് സിനിമാലോകത്തെ ഏവരുടെയും അഭിപ്രായം. തീരുമാനങ്ങള്‍ പെട്ടെന്ന് കൈക്കൊള്ളാനുള്ള ദിലീപിന്‍റെ കഴിവിന് കാണിയുടെ വക ഒരു ഉഗ്രന്‍ അഭിനന്ദനം!