പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. പൃഥ്വിയും ജീത്തുവും വീണ്ടും ഒത്തുചേരുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ പൃഥ്വി ആരാധകര്‍ ആവേശത്തിലാണ്. മെമ്മറീസ് പോലെ ഒരു ഗംഭീര ത്രില്ലറാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരിക്കും പൃഥ്വിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ‘കുപ്പി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാമെന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയതാണ്. എന്നാല്‍, തിരക്കഥ വേണ്ട രീതിയില്‍ ശരിയാകാത്തതിനാല്‍ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്.
ജീത്തു ജോസഫിന്‍റെ കഴിഞ്ഞ ചിത്രം ‘ലൈഫ് ഓഫ് ജോസൂട്ടി’ ഒരു പരാജയമായിരുന്നു. മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ആ സിനിമയുടെ തിരക്കഥയിലെ പാളിച്ചകളായിരുന്നു ചിത്രത്തെ വീഴ്ത്തിയത്. പുതിയ ചിത്രം ഒരുക്കുമ്പോള്‍ ഏറെ സമയമെടുത്ത് തിരക്കഥ തയ്യാറാക്കണമെന്ന് അപ്പോള്‍ തന്നെ ജീത്തു ജോസഫ് തീരുമാനിച്ചതാണ്.
ജനുവരി മധ്യത്തോടെ പുതിയ സിനിമ തുടങ്ങിവയ്ക്കാനാണ് ജീത്തുവും പൃഥ്വിയും ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെമ്മറീസിലെ പോലെ സീരിയല്‍ കില്ലറൊന്നും ‘കുപ്പി’യുടെ ഭാഗമായിരിക്കില്ല. എന്നാല്‍ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ത്രില്ലിംഗ് രംഗങ്ങളിലൂടെ വികസിക്കുന്ന ഒരു ചിത്രമായിരിക്കും അത്.