സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യാനിരുന്ന ‘താമരശ്ശേരി ടു തായ്‌ലന്‍ഡ്’ എന്ന സിനിമ ഉപേക്ഷിച്ചതായി സൂചന. സിനിമയുടെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ചതിന്‍റെ ഇരട്ടിയാകുമെന്ന് മനസ്സിലാക്കി നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. ഫഹദ് ഫാസില്‍(ഷാനു) ആണ് ഈ സിനിമയിലെ നായകന്‍.
താമരശ്ശേരിയില്‍ നിന്ന് ഒരുകൂട്ടം ഗ്രാമീണര്‍ തായ്‌ലന്‍ഡില്‍ എത്തപ്പെടുന്നതും അതിനിടയിലെ ഒരു പ്രണയവുമായിരുന്നു സിനിമയുടെ പ്രമേയം. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ എഴുതിയത്. എന്നാല്‍ തായ്‌ലന്‍ഡിലെ ചിത്രീകരണച്ചെലവ് കോടികള്‍ അപഹരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് സിനിമ നിര്‍ത്തിവച്ചിരിക്കുന്നത്.
തായ്‌ലന്‍ഡില്‍ മുമ്പ് ചിത്രീകരണത്തിന് ചെലവ് കുറവായിരുന്നു. എന്നാല്‍ ഈയിടെയായി ഷൂട്ടിംഗ് അവിടെ പതിവായപ്പോള്‍ വാടകയും മറ്റും കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന മലയാള സിനിമയ്ക്ക് അവിടെ ചിത്രീകരണം നടത്തുകയെന്നത് അസാധ്യമായി മാറി.
സജി സുരേന്ദ്രന്‍റെ സിനിമകള്‍ കൂടുതലായും വിദേശങ്ങളിലാണ് ചിത്രീകരിക്കാറുള്ളത്. കഥയില്‍ അങ്ങനെയുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. സിനിമയ്ക്ക് റിച്ച്‌നെസ് വരാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ന്യായീകരിക്കുന്നതെങ്കിലും അത് സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. എന്തായാലും മണിയന്‍പിള്ള രാജു സിനിമ തുടങ്ങും മുമ്പേ വ്യക്തമായ തീരുമാനമെടുത്തിരിക്കുകയാണ്. ചിത്രത്തിന്‍റെ പേര് ‘താമരശ്ശേരി ടു ബാംഗ്ലൂര്‍’ എന്നോ മറ്റോ ആക്കിയാല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിനിമാലോകത്തെ സംസാരം.