ജയറാം അഹങ്കാരിയാണോ? ഒരിക്കലുമല്ല എന്ന് ജയറാമിനോട് ഒരുതവണയെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമാകും. എന്നാല്‍ ജയറാം അല്‍പ്പം അഹങ്കാരിയാകുന്നു. ഒരു സിനിമയിലാണത്. ജയറാം ഒരു ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറായി അഭിനയിക്കുന്നു. പടത്തിന് പേര് - കൊച്ചി ടു കോടമ്പാക്കം!
കുറച്ച് അഹങ്കാരമുള്ള സൂപ്പര്‍സ്റ്റാര്‍ ‘ജെ ആര്‍’ എന്ന വേഷമാണ് ജയറാമിന് ഈ ചിത്രത്തില്‍. അയാള്‍ അഹങ്കാരിയാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം പറയട്ടെ?
കുറച്ച് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ സൂപ്പര്‍സ്റ്റാര്‍ ജെ ആര്‍ പങ്കെടുക്കുന്ന ഒരു വേദിയില്‍ അദ്ദേഹത്തെ അനുകരിച്ചു. അനുകരണം ‘ക്ഷ’ പിടിച്ച ജെ ആര്‍ മിമിക്രി ആര്‍ട്ടിസ്റ്റുകളെ ചെന്നൈയിലെ കോടമ്പാക്കത്തേക്ക് ക്ഷണിച്ചു. വളരെ കഷ്ടപ്പെട്ട് കോടമ്പാക്കത്ത് തങ്ങളുടെ താരദൈവത്തെ കാണാന്‍ അവരെത്തി. എന്നാല്‍ അവരെ ഒന്ന് മൈന്‍ഡ് ചെയ്യാന്‍ പോലും താരം തയ്യാറായില്ല. ഇത് അഹങ്കാരമല്ലാതെ മറ്റെന്താണ്?
എന്തായാലും തങ്ങളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത സൂപ്പര്‍സ്റ്റാറിനെ ഒരു പാഠം പഠിപ്പിക്കാന്‍ മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ തീരുമാനിച്ചു. ഇത് അവരുടെ ജീവിതത്തിലും പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു.
‘കൊച്ചി ടു കോടമ്പാക്കം’ എന്ന സിനിമയുടെ പ്രമേയം ഇതാണ്. വേണു പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍, ഇന്ദ്രന്‍സ്, ശ്രീറാം, ചാരുത തുടങ്ങിയവരും അഭിനയിക്കുന്നു.