കസബ അല്‍പ്പായുസാകാന്‍ കാരണമെന്ത്?

അനീസ് മുഹമ്മദ് ആലുവ

ചൊവ്വ, 19 ജൂലൈ 2016 (16:26 IST)
വലിയ ഹൈപ്പായിരുന്നു കസബയ്ക്ക്. മമ്മൂട്ടിയുടെ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത മാധ്യമശ്രദ്ധയും ജനശ്രദ്ധയും ഈ സിനിമയ്ക്ക് ലഭിച്ചു. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് സോഷ്യല്‍ മീഡിയയിലും വലിയ പ്രചരണമുണ്ടായി. ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ കൂടുതല്‍ അനുകൂല സാഹചര്യം. വിജയിച്ചുകയറാന്‍ ഏറ്റവും മികച്ച തുടക്കം.
 
കസബ വിജയിച്ചുകയറുക തന്നെ ചെയ്തു. എന്നാല്‍ അത് ബോക്സോഫീസ് കണക്കുകളുടെ കാര്യത്തില്‍ മാത്രമായിരുന്നു എന്നതാണ് സത്യം. ആദ്യ എട്ടു ദിവസങ്ങള്‍ കൊണ്ട് കസബ 10 കോടി കളക്ഷന്‍ നേടി. നിര്‍മ്മാതാവ് സേഫായി. പക്ഷേ ഈ സിനിമ മമ്മൂട്ടി എന്ന മഹാനടന്‍റെ കരിയറിന് എന്ത് ഗുണമാണ് ചെയ്യുക?
 
മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന നടനാണ് മമ്മൂട്ടി. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാനും സ്നേഹിക്കാനും ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച നടന്‍. തനിയാവര്‍ത്തനം, ഒരു വടക്കന്‍ വീരഗാഥ, അമരം, വാത്സല്യം, വിധേയന്‍, പൊന്തന്‍‌മാട, പപ്പയുടെ സ്വന്തം അപ്പൂസ്, ന്യൂഡല്‍ഹി, സംഘം, കാഴ്ച‍, മൃഗയ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പഴശ്ശിരാജ തുടങ്ങി മലയാളത്തിന്‍റെ അഭിമാനമായ എത്രയെത്ര മമ്മൂട്ടി സിനിമകള്‍. ഇവയ്ക്കിടയില്‍ എവിടെയാണ് കസബയുടെ സ്ഥാനം?
 
ഒരു വലിയ വിജയം മാത്രം ലക്‍ഷ്യമിട്ട് മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ കസബ പോലെയുള്ള സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കുന്നതിനെ അല്‍പ്പം ആശങ്കയോടെയേ കാണാനാവൂ. കെട്ടുറപ്പുള്ള തിരക്കഥയില്ലാത്ത, ദ്വയാര്‍ത്ഥ പ്രയോഗങ്ങളാല്‍ സമ്പന്നമായ ഒരു സിനിമ ഇനി മലയാളത്തിന് താന്‍ നല്‍കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടത് മമ്മൂട്ടിയാണ്. ആമിര്‍ഖാനും അമിതാഭ് ബച്ചനും കമല്‍ഹാസനുമൊക്കെ മികച്ച ചലച്ചിത്ര പരീക്ഷണങ്ങള്‍ക്കായി സമയം ചെലവഴിക്കുമ്പോള്‍ കസബ പോലെയുള്ള സിനിമകള്‍ക്കായി മമ്മൂട്ടി സമയം നഷ്ടപ്പെടുത്തുന്നതെന്തിന് എന്ന് അദ്ദേഹത്തെ സ്നേഹിക്കുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമല്ല. 
 
മലയാളിത്തമുള്ള, ഹൃദയസ്പര്‍ശിയായ, അഭിനയപ്രാധാന്യമുള്ള, നല്ല കഥാ മുഹൂര്‍ത്തങ്ങളുള്ള സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കാന്‍ മമ്മൂട്ടി എന്നും ശ്രദ്ധിച്ചിരുന്നു. മലയാളികള്‍ ഏറ്റവും സ്നേഹിക്കുന്ന നടനായി മമ്മൂട്ടിയെ മാറ്റിയത് അത്തരം സിനിമകളായിരുന്നു. മമ്മൂട്ടിയുടെ സ്വരമൊന്ന് ഇടറിയാല്‍ മലയാളികള്‍ കരഞ്ഞതും മമ്മൂട്ടി ചിരിച്ചാല്‍ മലയാളികള്‍ ചിരിച്ചതും അത്തരം സിനിമകളിലൂടെയായിരുന്നു. 
 
കസബ എന്ന സിനിമയെ ഈ ഒരു മാസം കഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും ഓര്‍ക്കുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. പെട്ടെന്ന് കത്തിത്തീരുന്ന ഇത്തരം സിനിമകള്‍ മമ്മൂട്ടി എന്ന നടനെ വിലയിരുത്തുമ്പോള്‍ പരാമര്‍ശവിധേയമാകുക പോലുമില്ല. അഥവാ പരാമര്‍ശിക്കപ്പെട്ടാല്‍, അത് അദ്ദേഹത്തിന്‍റെ സിനിമാജീവിതത്തിലെ കറുത്ത പൊട്ടുകളില്‍ ഒന്നായി ആയിരിക്കുമെന്നതിലും സംശയമില്ല.

വെബ്ദുനിയ വായിക്കുക