കമ്മത്ത് തകര്‍ത്തുവാരുന്നു, അടിപൊളി ഹിറ്റ്!

ചൊവ്വ, 29 ജനുവരി 2013 (15:42 IST)
PRO
ജനുവരി മാസം എന്തായാലും മുമ്പെങ്ങുമില്ലാത്ത വിധം മലയാള സിനിമയ്ക്ക് ഗുണമായി വന്നിരിക്കുകയാണ്. അന്നയും റസൂലും, നി കൊ ഞാ ച, റോമന്‍സ് എന്നീ സിനിമകള്‍ ഹിറ്റായതിന് പിന്നാലെ ഹിറ്റുകളുടെ രാജാവാകാന്‍ കമ്മത്ത് ആന്‍റ് കമ്മത്ത് എത്തി. കമ്മത്ത് റിലീസായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അതിഗംഭീര വിജയമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഒന്നരക്കോടി രൂപയിലേറെയാണ് സിനിമ കളക്ഷന്‍ നേടിയത്.

കമ്മത്ത് ആന്‍റ് കമ്മത്തിന്‍റെ ചെലവ് ഒമ്പതരക്കോടി രൂപയാണ്. മഴവില്‍ മനോരമ 4.95 കോടി രൂപയ്ക്കാണ് കമ്മത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ആദ്യവാരത്തിലെ തിയേറ്റര്‍ കളക്ഷന്‍ കൂടി വരുമ്പോള്‍ സിനിമയുടെ മുടക്കുമുതല്‍ കവര്‍ ചെയ്യും. സ്റ്റാര്‍ പവര്‍ കൊണ്ട് വിജയം നേടുക എന്ന ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റെ തന്ത്രം ഒരിക്കല്‍ കൂടി വിജയം കാണുകയാണ് ഈ സിനിമയിലൂടെ.

ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ്, മായാമോഹിനി തുടങ്ങിയ സിനിമകളെ വെല്ലുന്ന വിജയം കമ്മത്ത് സ്വന്തമാക്കുമെന്നാണ് ആദ്യവാര സൂചന. ദിലീപും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ചിരിക്കുന്ന സിനിമയില്‍ ധനുഷിന്‍റെ സാന്നിധ്യം കാര്യമായി ഗുണം ചെയ്യുന്നില്ല. കാര്യസ്ഥന്‍ എന്ന വന്‍ ഹിറ്റിന് ശേഷം അതേ ചേരുവകള്‍ കുത്തിനിറച്ചാണ് തോംസണ്‍ കമ്മത്തും ഒരുക്കിയത്. എന്തായാലും കുടുംബ പ്രേക്ഷകരും കുട്ടികളും കമ്മത്ത് സഹോദരങ്ങളെ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ജനുവരി മാസത്തില്‍ തന്നെ സംഭവിച്ചിരിക്കുകയാണ്.

കമ്മത്തിന്‍റെ വിജയത്തോടെ മമ്മൂട്ടി തന്‍റെ താരപദവി തിരികെപ്പിടിച്ചു എന്നതാണ് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വസ്തുത. 31ന് മോഹന്‍ലാല്‍ തന്‍റെ ലോക്പാല്‍ എന്ന ആക്ഷന്‍ ത്രില്ലറുമായി എത്തുന്നുണ്ട്. കമ്മത്തിന്‍റെ അശ്വമേധത്തിന് തടയിടാന്‍ ലോക്പാലിന് കഴിയുമോ എന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലാല്‍ ആരാധകര്‍.

വെബ്ദുനിയ വായിക്കുക