ഒടുവില്‍ മന്ദിരാ ബേദിയും അമ്മയാകും!

ശനി, 19 മാര്‍ച്ച് 2011 (18:16 IST)
PRO
PRO
മന്ദിരാ ബേദിയും ഒടുവില്‍ അമ്മയാകുന്നു. 11 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മന്ദിര അമ്മയാകുന്നത്. ക്രിക്കറ്റ് കമന്റെറിയും സിനിമാഭിനയും ടി വി സീരിയല്‍ അഭിനയവും ഒക്കെയായി ആകെ ജഗപൊകയായിരുന്നു ഇത്രയും കാലം. എന്നാല്‍ ഒരു കുഞ്ഞിക്കാലു കാണാനുള്ള അസുലഭ ഭാഗ്യത്തിനായി മന്ദിരക്ക് കുറച്ച് കാലം കൂടി കാത്തിരിക്കണം.

ജൂണ്‍ അവസാനം കുട്ടിക്ക് ജന്മം നല്‍കുമെന്നാണ് മന്ദിരയുടെ സുഹൃത്തുക്കള്‍ പറയുന്നത്. സംവിധായകനായ രജ് കൌശലും മന്ദിരയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷത്തോളമായി. എന്നാല്‍ ഒരു കുട്ടിയെ താലോലിക്കാന്‍ ഇവര്‍ക്ക് ഇത് വരെ ഭാഗ്യം സിദ്ധിച്ചില്ല. ഈ കാത്തിരിപ്പിനാണ് ഇപ്പോള്‍ അറുതിയാകുന്നത്. പരസ്പരം തുള്ളിച്ചാടി വാരിപുണര്‍ന്നാണ് അവര്‍ വാര്‍ത്തയെ സ്വാഗതം ചെയ്തത്രെ.

ഗ്ലാമര്‍ ലോകത്തെ സജീവ സാന്നിദ്ധ്യമായതിനാല്‍ ശരീരം സ്ലിം ആയി നിലനിര്‍ത്താന്‍ നേരത്തെ ജിമ്മില്‍ പോക്ക് സ്ഥിരമായിരുന്നു മന്ദിരക്ക്. എന്നാല്‍ ഇപ്പോള്‍ കുട്ടിക്ക് ജന്മം നല്‍കാന്‍ പോകുന്നതു കൊണ്ട് കഠിന വ്യായാമങ്ങള്‍ നിറുത്തിയിരിക്കുകയാണ് മന്ദിര.

ക്രിക്കറ്റ് കമന്റെറി രംഗത്തെ ഗ്ലാമര്‍ താരമായാണ് മന്ദിര ജനമനസ്സുകളിലേക്ക് കൂടുതല്‍ ആഴത്തില്‍ പതിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ കരണ്‍ ജോഹറിന്റെ ‘ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേഗേ’യില്‍ സഹനടിയായി വേഷമിട്ടെങ്കിലും പിന്നീടങ്ങോട്ട് സിനിമയില്‍ വേണ്ടത്ര തിളങ്ങാനായില്ല. തുടര്‍ന്ന് ടെലിവിഷന്‍ സോപ് ഓപറകളിലേക്ക് തിരിയുകയായിരുന്നു മന്ദിര.

ഇനി കുഞ്ഞിനെ വളര്‍ത്തുന്നതിലായിരികും തന്റെ ഭൂരിഭാഗം സമയവും ചെലവഴിക്കുകയെന്ന് മന്ദിര വ്യക്തമാക്കികഴിഞ്ഞു.

വെബ്ദുനിയ വായിക്കുക