ഏക - വ്യത്യസ്ത അനുഭവത്തിന്റേയും പരീക്ഷണത്തിന്റേയും പുതുമഴ

ബുധന്‍, 2 ഓഗസ്റ്റ് 2017 (15:37 IST)
സിനിമയില്‍ നഗ്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പല സമയത്തും വലിയ വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത്. മിക്കപ്പോഴും നഗ്നരാകുന്ന താരങ്ങള്‍ കംഫര്‍ട്ടബിളാകാത്ത സാഹചര്യങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. സിനിമയില്‍ നഗ്നയായി അഭിനയിക്കുന്ന നായിക കംഫര്‍ട്ടബിള്‍ ആകാന്‍ വേണ്ടി ഒരു സിനിമയിലെ എല്ലാ ക്രൂവും നഗ്നരായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതും ഒരു മലയാള സിനിമയില്‍. മിശ്ര ലിംഗക്കാരുടെ കഥ പറയുന്ന ‘ഏക’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടിക്കൊപ്പം സെറ്റിലെ മുഴുവന്‍ ക്രൂവും നഗ്നരായത്.  
 
ചിത്രം സെപറ്റംബറിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഇതിനായി അവസാന വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 'ഏക' ടീം സ്ഥിരം ചട്ടക്കൂടുകളും അലിഖിത നിയമങ്ങളും പൊളിച്ചെഴുതി മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് രഹാന പറയുന്നു. കൈകാര്യം ചെയ്യുന്നത് ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയമായതിനാൽ സാമ്പത്തികലാഭം പ്രതീക്ഷിച്ചല്ല സിനിമ എടുക്കുന്നത്. ഇന്ത്യയിൽ പ്രദർശനാനുമതി കിട്ടുമോ എന്നുവരെ സംശയമുണ്ടെന്നും ചിത്രത്തിലെ നായിക രഹാന പറയുന്നു.
 
നഗ്നരംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് സംവിധായകന്‍ രഹാനയോട് ചോദിച്ചു. നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ എന്ന്.  "ഉണ്ട് " എന്ന് മറുപടി നൽകി. ഉടനെ ക്രൂവിൽ ഉള്ള എല്ലാവരും വസ്ത്രങ്ങൾ മാറ്റാൻ സംവിധായകൻ നിർദേശിച്ചു. സംവിധായകൻ , ക്യാമറാമാൻ , സഹസംവിധായകർ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷൻ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റിൽ നിൽക്കണം എങ്കിൽ നിർമ്മാതാവ് പോലും നഗ്നനാവണം എന്നായിരുന്നു നിർദേശം. അവരും അഭിനേതാക്കൾക്കൊപ്പം വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നൽകി. ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു.

വെബ്ദുനിയ വായിക്കുക