എന്നേക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനേക്കുറിച്ചാണ്: ഭാവന

തിങ്കള്‍, 3 ഏപ്രില്‍ 2017 (20:16 IST)
അപവാദങ്ങള്‍ കേട്ട് താന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാകില്ലെന്ന് നടി ഭാവന. ഈ കഥ പറഞ്ഞുപരത്തുന്നവര്‍, സ്വന്തം വീട്ടിലെ മക്കളെയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമോയെന്നും ഭാവന ചോദിക്കുന്നു.
 
വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇങ്ങനെ ചോദിക്കുന്നത്. താന്‍ സിനിമയില്‍ വന്ന പതിനഞ്ചാം വയസുമുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ലെന്നും സിനിമാനടിയായതുകൊണ്ട് ആര്‍ക്കും എന്തും പറയാമെന്ന ഭാവമാണെന്നും ആരും ചോദിക്കാനും പറയാനുമില്ലെന്നും ഭാവന പറയുന്നു. സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നുപോകുന്നതായും ഭാവന വ്യക്തമാക്കുന്നു.
 
“എന്നേക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനേക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരുവര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്‍റെ കൂടെയാണ്. അങ്ങനെയുള്ള കഥകള്‍ വേറെ. എനിക്കന്ന് പതിനാറ്‌ വയസാണെന്ന് ഓര്‍ക്കണം. ഈ കഥ പറഞ്ഞുപരത്തുന്നവര്‍, സ്വന്തം വീട്ടിലെ മക്കളെയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമോ? അന്ന് ഇതൊക്കെ കേട്ടപ്പോള്‍ തലയില്‍ കൈവച്ച് നിലവിളിച്ചിട്ടുണ്ട്. ഞാന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാകില്ല അപവാദങ്ങള്‍ കേട്ടിട്ട്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭാവന പറയുന്നു.

വെബ്ദുനിയ വായിക്കുക