ഈ വേഷത്തിനായി ബാലചന്ദ്രമേനോന്‍ കാത്തിരുന്നത് 22 വര്‍ഷം

തിങ്കള്‍, 30 ജൂലൈ 2012 (09:16 IST)
PRO
PRO
ഇരുപത്തി രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന്‍ ബാലചന്ദ്രമേനോന്‍ ഞായറാഴ്ച അഭിഭാഷകനായി എന്‍‌റോള്‍ ചെയ്യുന്നത്. 1987ലാണ് വക്കീലാകണമെന്ന മോഹവുമായാണ് ലോ കോളജിലെ സായാഹ്ന കോഴ്സില്‍ മേനോന്‍ ചേര്‍ന്നത്. മൂന്ന് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയെങ്കിലും ചില പ്രശ്നങ്ങളാല്‍ പരീക്ഷ എഴുതുന്നത് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ഒരോ കാര്യങ്ങള്‍ക്കൊണ്ട് അദ്ദേഹത്തിന് വക്കീല്‍ മോഹം ഉപേക്ഷിക്കേണ്ടി വന്നു.

ഇതിനിടയില്‍ തിരക്കുള്ള സിനിമാക്കാരനായ ബാലചന്ദ്ര മേനോന്‍ വക്കീലകണമെന്ന മോഹം സിനിമയിലൂടെ സഫലീകരിച്ചു. വിളംബരം എന്ന ചിത്രത്തില്‍ അഡ്വക്കേറ്റ് നമ്പൂതിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അത്. അതിന് മുന്‍പ് അദ്ദേഹം സംവിധാനം ചെയ്ത കാര്യം നിസാരം എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് ഉണ്ണിത്താന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നാല്‍ പ്രേം നസീര്‍ ആണ് ആ വേഷം കൈകാര്യം ചെയ്തത്.

എന്നാല്‍ ജീവിതത്തില്‍ വക്കീലാകണമെന്ന മോഹം ഉദിക്കാന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. അങ്ങനെ ഞായറാഴ്ച അദ്ദേഹം വക്കീലായി എന്‍‌റോള്‍ ചെയ്തു. ബാര്‍ കൗണ്‍സില്‍ ഓഫ്‌ കേരളയുടെ ആഭിമുഖ്യത്തില്‍ ബാലചന്ദ്ര മേനോന്‍ അടക്കം 376 പേരാണ്‌ അഭിഭാഷകരായി എന്‍ റോള്‍ ചെയ്‌തത്‌. കൊച്ചി ഹൈക്കോടതി ഓ‍ഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആക്ടിംഗ് ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ മുഖ്യാതിഥി ആയിരുന്നു.

ഇരുപത്തിരണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ അഭിഭാഷകനായി എന്‍ റോള്‍ ചെയ്യുന്നതെന്ന്‌ അദ്ദേഹം പ്രതികരിച്ചു. പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്നവര്‍ക്കുള്ള പ്രചോദനമാകണം തന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക