ആ മമ്മൂട്ടിയെ തിരിച്ചിട്ടപ്പോള്‍ കനലിലെ മോഹന്‍ലാല്‍ !

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (18:53 IST)
മോഹന്‍ലാലിന്‍റെ പുതിയ സിനിമ ‘കനല്‍’ ഒക്ടോബര്‍ 22നാണ് റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ കുടുംബപശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. മോഹന്‍ലാലിനൊപ്പം നായകതുല്യമായ കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. വളരെ ദുരൂഹമായ ഒരു കഥാതന്തുവില്‍ നിന്ന് ഒരു ഗംഭീര ആക്ഷന്‍ സിനിമയ്ക്കുള്ള തിരക്കഥ കണ്ടെത്തിയത് എസ് സുരേഷ്ബാബു.
 
കനലില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര് ജോണ്‍ ഡേവിഡ് എന്നാണ്. പേരില്‍ വലിയ പ്രത്യേകതയൊന്നുമില്ല. ഒരു സാധാരണ പേര്. ഇതേ പേരില്‍ മോഹന്‍ലാല്‍ മുമ്പ് കഥാപാത്രങ്ങളെയൊന്നും അവതരിപ്പിച്ചിട്ടില്ല. ഒരു എയ്ഞ്ചല്‍ ജോണ്‍ ചെയ്തത് ഓര്‍ക്കുന്നു. ഡിജോ ജോണ്‍, ജോയ് ജോണ്‍ എന്നീ കഥാപാത്രങ്ങളെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജോണ്‍ ഡേവിഡ് എന്ന പേര് ആദ്യമാണ്.
 
എന്നാല്‍ മമ്മൂട്ടിയുടെ ഒരു സിനിമയെ ഇതുമായി ബന്ധപ്പെടുത്തി നോക്കിയാലോ? നസ്രാണി എന്ന ചിത്രം. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഡേവിഡ് ജോണ്‍. ആ പേര് തിരിച്ചിട്ടപ്പോള്‍ കനലിലെ മോഹന്‍ലാലായി. എന്നാല്‍ പേരിലെ ഈ ബന്ധമൊന്നും കഥാപാത്രങ്ങള്‍ തമ്മില്‍ ഇല്ല കേട്ടോ. നസ്രാണിയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന കഥാപാത്രം പാലാ പശ്ചാത്തലമാക്കിയുള്ള ഒരു തനി അച്ചായന്‍ കഥാപാത്രമായിരുന്നു. വളരെ ഓപ്പണായ ഒരു മനുഷ്യന്‍. എന്നാല്‍ കനലിലെ ജോണ്‍ ഡേവിഡ് അങ്ങനെയല്ല. അയാളുടെ മനസിനുള്ളിലെന്താണെന്ന് ആര്‍ക്കും അറിയില്ല.
 
ഹണി റോസ്, ഷീലു ഏബ്രഹാം, നികിത എന്നിവരാണ് കനലിലെ നായികമാര്‍. അതുല്‍ കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍, ഇന്നസെന്‍റ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം ഔസേപ്പച്ചന്‍.

വെബ്ദുനിയ വായിക്കുക