അലക്സാണ്ടര്‍ ഇനി എന്നുവരും?

വെള്ളി, 16 ഏപ്രില്‍ 2010 (20:58 IST)
PRO
വലിയ പ്രതീക്ഷയോടെ വിഷുവിന് അലക്സാണ്ടറെ കാത്തിരുന്നവരാണ് മോഹന്‍ലാല്‍ ആരാധകര്‍. ഏത് അലക്സാണ്ടര്‍ എന്നാണോ? മുരളി നാഗവള്ളി സംവിധാനം ചെയ്ത ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്’. അവരെ കടുത്ത നിരാശയിലാഴ്ത്തിക്കൊണ്ട് വിഷുത്തലേന്ന് ഒരു വാര്‍ത്ത പുറത്തുവന്നു - വിഷുച്ചിത്രമായി ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്’ തിയേറ്ററുകളിലെത്തില്ല!

എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ വ്യക്തമായ ഒരു മറുപടി ആരില്‍ നിന്നും ലഭിച്ചില്ല. എന്നാല്‍ നിര്‍മ്മാതാവ് വി ബി കെ മേനോന് പെട്ടെന്നുണ്ടായ ചില സാമ്പത്തിക പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ റിലീസ് മുടങ്ങിയതിന് കാരണമായി പറഞ്ഞു കേട്ടത്. റിലീസ് ചെയ്യുന്നതിന്‍റെ തലേദിവസം വരെ ഈ ‘സാമ്പത്തിക പ്രശ്നം’ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം ബാക്കിയാകുന്നു.

കാരണം, ഏപ്രില്‍ 14 വരെ ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്’ ഉറപ്പായും 15ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെല്ലാം നല്‍കിയ സൂചന. എഴുപതിലധികം തിയേറ്ററുകളും ബുക്ക് ചെയ്തിരുന്നു. ചുമരുകളായ ചുമരുകളെല്ലാം പോസ്റ്ററുകളും പതിച്ചു. ടി വി ചാനലുകളില്‍ പാട്ടുകളും ചില രംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ ‘ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുന്നില്ല’ എന്ന അറിയിപ്പ് നിര്‍മ്മാതാവിന്‍റെ ഓഫീസില്‍ നിന്ന് എത്തുകയായിരുന്നു. മോഹന്‍ലാലും ലക്‍ഷ്മിയും സായികുമാറും ജഗദീഷുമൊക്കെ അണിനിരക്കുന്ന അലക്സാണ്ടര്‍ ദി ഗ്രേറ്റ് ഒരു ത്രില്ലറാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ പ്രതീക്ഷയുമുണ്ടായിരുന്നു.

എന്നാല്‍ പെട്ടെന്നുണ്ടായ സാമ്പത്തിക പ്രശ്നത്തിന്‍റെ പേരില്‍ ചിത്രം മാറ്റിവച്ചതിനു പിന്നില്‍ മറ്റു ചില കാരണങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്‍. പരാജയഭീതിയാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിയതിന് പിന്നിലെന്നും പറയപ്പെടുന്നു. എന്തായാലും ഈ സിനിമ ഇനി എന്ന് റിലീസ് ചെയ്യും എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. നിര്‍മ്മാതാക്കള്‍ സമരത്തിലായതിനാല്‍ ഉടനെയൊന്നും ഒരു സിനിമയും റിലീസ് ചെയ്യില്ല.

ഏപ്രില്‍ അവസാനവും മേയ് ആദ്യവുമായി വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താനുണ്ട്. പോക്കിരിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രവും ആ കാലയളവിലെത്തുമെന്നാണ് കരുതുന്നത്. അതിനിടയില്‍ അലക്സാണ്ടര്‍ ദി ഗ്രേറ്റ് റിലീസ് ചെയ്യില്ലെന്നുറപ്പാണ്. എന്തായാലും അലക്സാണ്ടറെ അടുത്തകാലത്തെങ്ങും പ്രതീക്ഷിക്കേണ്ടെന്നു സാരം.

വെബ്ദുനിയ വായിക്കുക