അടിയന്തരാവസ്ഥ വീണ്ടും, വിദ്യാബാലന്‍ ഇനി ഇന്ദിരാഗാന്ധി!

വെള്ളി, 26 ജൂണ്‍ 2015 (13:54 IST)
ഇന്ദിരാഗാന്ധിയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുകയാണ്. ഇന്ദിരയായി വിദ്യാബാലന്‍ വേഷമിടും. പ്രധാനമന്ത്രിയായുള്ള ഇന്ദിരയുടെ ജീവിതമായിരിക്കും സിനിമയുടേ ഹൈലൈറ്റ്. അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഇന്ദിരാവധവും ചിത്രത്തിലെ സംഘര്‍ഷ ഭരിതമായ മുഹൂര്‍ത്തങ്ങളായിരിക്കും.
 
മനീഷ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിle മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. സിനിമയുടെ തിരക്കഥ വിദ്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. 
 
ഇന്ദിരാഗാന്ധിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഗാന്ധികുടുംബത്തിന്‍റെ അനുമതി വാങ്ങുക എന്നതാണ് അതില്‍ പ്രധാനം. തിരക്കഥ മുഴുവന്‍ വായിച്ചുകേള്‍പ്പിച്ച് ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതുണ്ട്. മനീഷ് ഗുപ്ത ഇപ്പോള്‍ അതിനുള്ള ശ്രമങ്ങളിലാണ്.
 
ഇന്ദിരാഗാന്ധിയുടെ ജനനം മുതല്‍ മരണം വരെയുള്ള ഒരു സമ്പൂര്‍ണ ജീവിതകഥയായാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. നാലുമാസങ്ങള്‍ക്ക് മുമ്പാണ് ഈ തിരക്കഥയുമായി മനീഷ് ഗുപ്ത വിദ്യാബാലനെ സമീപിച്ചത്. ഇന്ദിരയെ അവതരിപ്പിക്കാന്‍ വിദ്യയേക്കാള്‍ മികച്ച ഒരു ചോയ്സില്ല എന്ന അഭിപ്രായമാണ് സംവിധായകനുള്ളത്.
 
സോണിയാ ഗാന്ധിയുമായി കഴിഞ്ഞ എട്ടുമാസമായി മനീഷ് ഗുപ്ത ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിവരികയാണ്. ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് മനീഷ് ഗുപ്ത. ഇതുവരെ ഇന്ദിരയെക്കുറിച്ചുള്ള 26 പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചുകഴിഞ്ഞു. 
 
ഗാന്ധികുടുംബത്തിന്‍റെ അനുമതി ലഭിച്ചാല്‍ ചിത്രം നിര്‍മ്മിക്കാമെന്ന് ഒരു വലിയ നിര്‍മ്മാണക്കമ്പനി മനീഷ് ഗുപ്തയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതൊരു സാധാരണ ബോളിവുഡ് ചിത്രമായിരിക്കില്ല എന്ന് മനീഷ് ഗുപ്ത വ്യക്തമാക്കുന്നു. അറ്റന്‍‌ബറോയുടേ ‘ഗാന്ധി’ പോലെ ശ്രദ്ധേയമായേക്കാവുന്ന ഒരു പ്രൊജക്ടായാണ് മനീഷ് ‘ഇന്ദിര’യെ സ്വപ്നം കാണുന്നത്.

വെബ്ദുനിയ വായിക്കുക