ഫെങ്ങ് ഷൂയിയും വീട്ടുകാര്യവും

Webdunia
FILEFILE
ചെനീസ് ഫെങ്ങ് ഷൂയിക്ക് അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ചൈനക്കാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ വാസ സ്ഥലങ്ങളില്‍ ഊര്‍ജ്ജത്തിന്‍റെ ശാന്തമായ പ്രവാഹം ഉറപ്പ് വരുത്തി സ്വച്ഛന്ദമായ ജീവിത ശൈലി പിന്തുടര്‍ന്നിരുന്നു. ഇപ്പോള്‍ ലോകമാകെ ചൈനീസ് ഫെങ്ങ് ഷൂയി പിന്തുടരുന്നവരുണ്ട്.

വീടുകളില്‍ ചെറിയ തോതിലുള്ള പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പോലും ‘ചി’യെ (ഊര്‍ജ്ജത്തെ) ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നല്ല ഊര്‍ജ്ജം വീടിനുള്ളില്‍ താമസിക്കുന്നവരുടെ ജീവിതത്തെ അനുകൂല ഗതിയില്‍ എത്തിക്കുമെന്നാണ് വിശ്വാസം.

വീടിന്‍റെ പ്രധാന വാതിലിന് മുന്നില്‍ പാദരക്ഷകള്‍ സൂക്ഷിക്കുന്ന ശീലം ഉപേക്ഷിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുറത്ത് നിന്ന് വീട്ടിലേക്ക് കാറ്റിനൊപ്പം പ്രവേശിക്കുന്ന ‘ചി’ ഈ പാദരക്ഷകളില്‍ തട്ടുന്നതിനാല്‍ താമസിക്കുന്നവര്‍ക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍, വീടിന് മുന്‍‌വശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് നല്ല ഊര്‍ജ്ജത്തെ ആകര്‍ഷിക്കും.

FILEFILE
വീടിനുള്ളില്‍ ഒരു ചെറു ജലധാരയോ മത്സ്യ ടാങ്കോ ഉള്ളത് ഫെങ്ങ് ഷൂയി പരമായി ഏറ്റവും നന്നായിരിക്കും. അതായത്, പുറമെ നിന്ന് വീടിനുള്ളില്‍ പ്രവേശിക്കുന്ന ഊര്‍ജ്ജ പ്രവാഹം ജലസ്രോതസ്സ് തിരയും. വെള്ളം ഇല്ല എങ്കില്‍ ഈ ഊര്‍ജ്ജത്തെ കാറ്റ് വീണ്ടും പുറത്തേക്ക് തന്നെ കൊണ്ടുപോവും. വീടിനുള്ളില്‍ ടാങ്കോ ജലധാരയോ ഉള്ളത് ഭാഗ്യാനുവങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം.

നിങ്ങള്‍ക്ക് വളരെയധികം ജോലി സമ്മര്‍ദ്ദമുണ്ടോ? എങ്കില്‍ നിങ്ങളുടെ ഊണ് മേശ മാര്‍ബിളില്‍ ഉള്ളതാണെങ്കില്‍ അത് മാറ്റുക. മാര്‍ബിള്‍ ഊണ് മേശയ്ക്ക് പകരം തടിയുടെ ഊണ് മേശയാണ് ശാന്തമായ ജീവിതത്തിന് സഹായമെന്ന് ഫെങ്ങ് ഷൂയി വിദഗ്ധര്‍ പറയുന്നു.

ചുവന്ന സോഫാ സെറ്റും ജോലി സമ്മര്‍ദ്ദത്തിനും അശാന്തിക്കും കാരണമാണ്. ഫെങ്ങ് ഷൂയി പ്രകാരം ചുവന്ന നിറം വീടിന്‍റെ എല്ലാ ഭാഗങ്ങളിലും ഉപയോഗിക്കാന്‍ പാടില്ല.

അതുപോലെ തന്നെ കിടക്ക മുറിയുടെ ജനാലകള്‍ എല്ലാ ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ തുറന്നിടാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താല്‍ പുറമെ നിന്നുള്ള ‘ചി’ അനായാസം മുറിക്ക് ഉള്ളില്‍ പ്രവേശിക്കും. അങ്ങനെ പ്രശാന്തമായ മാനസിക അന്തരീക്ഷം ആസ്വദിക്കാന്‍ കഴിയുമെന്നാണ് ഫെങ്ങ് ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.