ഫെംഗ്ഷൂയി കിടപ്പുമുറി ? വളരെ എളുപ്പം !

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:20 IST)
ഒരു രാത്രിയിലെ ഉറക്കം സുഖകരമായില്ല എങ്കില്‍ പിന്നീടുള്ള ദിവസം വിശദീകരിക്കാന്‍ പറ്റാത്ത വിധം അസ്വസ്ഥമായിരിക്കും. ഉറക്കത്തെ ക്ഷണിച്ചു വരുത്താന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പറയും പോലെ കിടപ്പുമുറി സജ്ജീകരിച്ചാല്‍ മതിയാവും. നല്ല ഊര്‍ജ്ജമായ “ചി” യെ തടസ്സപ്പെടുത്താതെ വേണം കിടപ്പുമുറി സജ്ജീകരിക്കാന്‍. ഫെംഗ്ഷൂയി വിധിപ്രകാരമുള്ള ഒരു കിടപ്പുമുറി സജ്ജീകരിക്കാന്‍ വളരെ എളുപ്പമാണ്.

നമ്മുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്നത് ഗുഹകളില്‍ ആയിരുന്നല്ലോ? എന്നാല്‍, അവര്‍ ഗുഹാ മുഖത്തല്ലായിരുന്നു ഉറങ്ങിയിരുന്നത്. അതേപോലെ, വീടിന്റെ പ്രധാന വാതിലില്‍ നിന്ന് കിടപ്പുമുറിയിലേക്ക് ആകാവുന്നിടത്തോളം അകലമുണ്ടായിരിക്കണം. കിടക്ക വാതിലിനും ജനാലയ്ക്കും മധ്യേ ആവരുത്. കാരണം ശക്തമായ ചി സഞ്ചരിക്കുന്ന പാതയാണിത്.

കിടപ്പുമുറിയുടെ വാതിലില്‍ നിന്ന് ആകാവുന്നിടത്തോളം അകലത്തിലാവണം കിടക്ക സജ്ജീകരിക്കേണ്ടത്. കിടക്കുന്ന അവസ്ഥയില്‍ വാതില്‍ കാണുന്ന നിലയില്‍ വേണം കിടക്ക ക്രമീകരിക്കാന്‍. ഇത് സുരക്ഷിതത്വ ബോധം വര്‍ദ്ധിപ്പിക്കും.

കിടക്കുമ്പോള്‍ ശിരോഭാഗം ജനാലയോട് വളരെയധികം അടുത്താവരുത്. കാരണം, നമ്മുടെ ഉള്ളിലുള്ള ചി ജനാലയിലൂടെ പുറത്തു പോവുന്നത് മൂലം ക്ഷീണം അനുഭവപ്പെട്ടേക്കാം. കിടപ്പ് മുറിയില്‍ നിന്ന് കുളിമുറിയിലേക്കു പോവാന്‍ സാധിക്കുമെങ്കില്‍, കിടക്കുന്നതിനു മുമ്പ് കുളിമുറിയുടെ വാതില്‍ അടയ്ക്കാന്‍ ശ്രദ്ധിക്കണം.

ബെഡ് ടേബിളുകള്‍ എപ്പോഴും ഉരുണ്ട അരികുള്ളവയായിരിക്കണം. ഇവയ്ക്ക് ഒരിക്കലും കൂര്‍ത്ത അരിക് ആയിരിക്കരുത്. കിടക്കകള്‍ ബീമിനു താഴെയാണെങ്കില്‍ കിടക്കുന്നവരുടെ മേല്‍ ചി യുടെ സമ്മര്‍ദ്ദം ഏറും. ഇത് ലഘൂകരിക്കാനായി ബിമിനു താഴെ ഓടക്കുഴലുകള്‍ തൂക്കിയിട്ടാല്‍ മതിയാവും. ഇതിന്റെ ഊതുന്ന ഭാഗം താഴേക്ക് അഭിമുഖമായിരിക്കണം.

കിടക്കയ്ക്ക് മുകളിലായി തൂക്കു വിളക്കുകള്‍ വേണ്ട. നേര്‍ത്ത വെളിച്ചമാണ് കിടപ്പു മുറിക്ക് അനുയോജ്യം. ചുവരുകള്‍ക്ക് പിങ്ക് പോലെയുള്ള ഇളം നിറങ്ങളാവണം. കിടക്കയിലുള്ള നിങ്ങളുടെ രൂപം പ്രതിഫലിക്കുന്ന രീതിയില്‍ കണ്ണാടികള്‍ സജ്ജീകരിക്കരുത്. കിടക്കയുടെ അടിവശവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം.

ഇത്തരമൊരു കിടപ്പുമുറിയില്‍ ഉറങ്ങി നോക്കൂ. പ്രശാന്ത സുന്ദരമായ നിദ്ര നിങ്ങളെ തെരഞ്ഞെത്തുമെന്നത് തീര്‍ച്ച.