ജീവിത വിജയങ്ങള്‍ നേടിത്തരുന്ന ഒന്നാണോ ഫെങ്ഷൂയി ? അറിയാം... ചില കാര്യങ്ങള്‍ !

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (16:00 IST)
വളരെക്കാലമായി നമ്മള്‍ ഫെങ്ഷൂയി എന്ന വാക്ക് കേള്‍ക്കാറുണ്ട്. നമ്മുടെ വാസ്തുശാസ്ത്രം പോലെ ചൈനക്കാരുടെ വാസ്തുവാണ് ഇതെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇതില്‍ കാര്യമില്ലാതില്ല. സത്യത്തില്‍ എന്താണ് ഈ ഫെങ്ഷൂയി എന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ചിലരുടെ വീടുകളില്‍ ഫെങ്ഷൂയിയുമായി ബന്ധപ്പെട്ട പ്രതിമകള്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഇതുമാത്രം മതിയോ?
 
ലളിതമായി പറഞ്ഞാല്‍ പ്രകൃതിക്ക്‌ അനുകൂലമായ രീതിയില്‍ മനുഷ്യന്‍ തങ്ങളുടെ വാസസ്‌ഥലം ഒരുക്കി മോടിപിടിപ്പിക്കുന്ന രീതിയെയാണ് ഫെങ്ഷൂയി എന്ന് പറയുന്നത്. കേരളീയ വാസ്തുശാസ്ത്രപ്രകാരം എന്തെങ്കിലും ദോഷം ഉണ്ടെങ്കില്‍ അത് പൊളിച്ചുകളയുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ വേണ്ടിവരും. എന്നാല്‍ ഫെങ്ഷൂയി പ്രയോഗിക്കുമ്പോള്‍ അങ്ങനെ സംഭവിക്കുന്നില്ല.
 
ഒരാള്‍ തന്റെ ജീവിതത്തിലെ കൂടുതല്‍ സമയവും വീട്ടിലാണ് ചെലവഴിക്കുക. കിടക്കുന്നതിനും ഇരുന്ന്‌ ജോലി ചെയ്യുവാനും പഠിക്കുവാനും ഒക്കെ നല്ല ദിക്കുകള്‍ നാം ഉപയോഗപ്പെടുത്തുന്നു. ഫെങ്ഷൂവില്‍ ഓരോ ആളുകളുടെയും ജനന ദിവസത്തിനനുസരിച്ചുള്ള നല്ലതും ചീത്തയുമായ ദിക്കുകള്‍ കണ്ടുപിടിച്ച്‌ ഗൃഹനിര്‍മ്മാണത്തിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്.
 
അങ്ങനെ ആ വീടിന്റെ ഊര്‍ജ്‌ജനില ശക്‌തമാകുന്നതോടെ ആ വീട്ടിലെ വ്യക്‌തികള്‍ക്കും അവരവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ മാറ്റമുണ്ടാകും. പലതരം ചിത്രങ്ങളും പ്രതിമകളും വസ്‌തുക്കളും ഉപയോഗിച്ച്‌ ഊര്‍ജ്‌ജവത്‌ക്കരണം നടത്തുന്ന രീതിയായ സിംബോളിക്‌ ഫെങ്ഷൂ ആണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. ബേസിക്‌ ഫെങ്ഷൂ , ഫ്‌ളൈയിംഗ്‌ സ്‌റ്റാര്‍ ഫെങ്ഷൂ, സിംബോളിക്‌ ഫെങ്ഷൂ , വാട്ടര്‍ ഫെങ്ഷൂ എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് ഫെങ്ഷൂ സങ്കേതത്തിലുള്ളത്.  
 
ആധികാരികമല്ലാത്ത ഗ്രന്ഥങ്ങളില്‍നിന്നും വ്യക്‌തികളില്‍നിന്നും ഉള്ള ഉപദേശപ്രകാരം ഫെങ്ഷൂ സിംബല്‍സ്‌ ഉപയോഗിക്കുന്നത്‌ ചിലപ്പോള്‍ ദോഷങ്ങള്‍ ക്ഷണിച്ചുവരുത്തും. ഏത്‌ സാധനമായാലും ആ വീടിനും വീട്ടിലെ വ്യക്‌തികള്‍ക്കുംവേണ്ടി 'ഊര്‍ജ്‌ജവത്‌ക്ക'രിച്ച്‌ മാത്രമേ ഇത്തരം സിംബല്‍സ്‌ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം സംഭവിക്കും.
 
ഐശ്വര്യത്തിനും സാമ്പത്തിക ഉന്നതിക്കും തൊഴില്‍തടസം, വിദ്യാതടസം, വിവാഹതടസം എന്നിവ മാറുവാന്‍, നല്ല തൊഴില്‍ അവസരങ്ങള്‍ക്കുവേണ്ടി, നല്ല ഭാവിക്കുവേണ്ടി പുതിയ വീടോ സ്‌ഥാപനമോ തെരഞ്ഞെടുക്കുവാന്‍വേണ്ടി, വസ്‌തു പെട്ടെന്ന്‌ വിറ്റുപോകുവാന്‍ വേണ്ടി തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി ഫെങ്ഷൂ പരീക്ഷിച്ച് നോക്കാവുന്നതാണ്. അതിനായി പരിചയ സമ്പത്തുള്ള വിദഗ്ദനുമായി സംസാ‍രിച്ച് എന്തൊക്കെയാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ എന്ന് മനസിലാക്കി അതിനനുസരിച്ച് നീങ്ങുകയാണ് ചെയ്യേണ്ടത്.
Next Article