ക്ലാഗന്‍ഫര്‍ട്ട്: യുവതാരം ലൂക്കാസ് പെഡോള്‍സ്ക്കിയുടെ ഇരട്ട ഗോളുകള്‍ യൂറോകപ്പ് പ്രതീക്ഷയായ ജര്‍മ്മനിക്ക് തുണയായി. യൂറോപ്യന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനി പരാജയപ്പെടുത്തിയത് പോളണ്ടിനെയായിരുന്നു. ഇരുപകുതികളിലുമായിരുന്നു യുവതാരത്തിന്‍റെ ഗോളുകള്‍.
ജര്‍മ്മന്‍ ക്ലബ്ബ് എഫ് സി ബയേണിന്‍റെ താരം ഇരുപതാം മിനിറ്റിലായിരുന്നു ആദ്യ പോളണ്ടിനെ പിന്നിലാക്കിയത്. മിറാസ്ലോവ് ക്ലോസ് അളന്നു കുറിച്ചു നല്‍കിയ പാസ് അതേ പ്രാധാന്യത്തോടെ തന്നെ ഒരു ക്ലോസ് റേഞ്ചിലൂടെ പെഡോള്‍സ്കി ആദ്യം വലയില്‍ എത്തിക്കുമ്പോള്‍ പോളണ്ട് ആരാധകര്‍ ആദ്യമായി തകര്‍ന്ന് പോയി.
അതിനുശേഷം തുടര്‍ ആക്രമണങ്ങള്‍ നടത്തിയ ജര്‍മ്മനിക്കെതിരെ ഉറച്ച് നിന്നത് പോളണ്ട് ഗോളി ആര്‍തര്‍ ബോറുക്കായിരുന്നു. ഇതിനിടയില്‍ ബല്ലാക്കിന്‍റെയും ക്ലോസിന്‍റെയും ഒക്കെ ശ്രമങ്ങള്‍ ആര്‍തര്‍ തടയുന്നുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ എഴുപതാം മിനിറ്റില്‍ ആര്‍തറിന്‍റെ പരിച വീണ്ടും കിഴിഞ്ഞു. ഇത്തവണയും ആര്‍തറെ കബളിപ്പിച്ചത് കഴിഞ്ഞ ലോകകപ്പിലെ മികച്ച താരമായിരുന്ന ലൂക്കാസ് പെഡോള്‍സ്കി തന്നെയായിരുന്നു.
ഇത്തവണ ആര്‍തറെ കുഴക്കിയത് പെഡോള്‍സ്കിയുടെ കണ്ണഞ്ചിപ്പിക്കുന്ന വോളിയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ടതോടെ പോളണ്ടിനു തിരിച്ചടിക്കാന്‍ കഴിയാതെയായി പോയി. ജര്‍മ്മന്‍ മതില്‍ നന്നായി കെട്ടിയടച്ച് നടത്തിയ ആക്രമണം ആയിരുന്നതിനാല്‍ പോളണ്ടിനു ജര്‍മ്മന്‍ ഗോള്‍ മുഖത്ത് എത്തിനോക്കാനും കഴിഞ്ഞില്ല.
വെംബ്ലിയില്‍ യൂറോ 96 ല്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയ ശേഷം ജര്‍മ്മനി നേടുന്ന ആദ്യ ജയമാണിത്. ഈ വിജയത്തൊടെ യൂറോയില്‍ ഇതുവരെയുണ്ടായിരുന്ന നിരാശയില്‍ നിന്നും തങ്ങള്‍ പുറത്ത് കടക്കുകയാണെന്ന് സൂചന നല്‍കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞു. യൂറോയിലെ ആദ്യ മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കും പോര്‍ച്ചുഗലും വിജയം കണ്ടെത്തിയിരുന്നു. ചെക്ക് ആതിഥേയരായ സ്വിറ്റ്സര്‍ലന്‍ഡിനെ 1-0 നും പോര്‍ച്ചുഗല്‍ തുര്‍ക്കിയെ 2-0 നും തോല്‍പ്പിച്ചു.