മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന കമ്മിറ്റി

ബുധന്‍, 27 മെയ് 2009 (13:12 IST)
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി പി എം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം. വി എസ് അച്യുതാനന്ദനെ പൊളിറ്റ്‌ബ്യൂറോ ഇടപെട്ട്‌ ഒഴിവാക്കണമെന്ന്‌ പിണറായിപക്ഷക്കാരായ ജില്ലാ സെക്രട്ടറിമാരാണ് സി പി എം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാര്‍ത്താസമ്മേളനങ്ങളിലും മറ്റും പലപ്പോഴും പാര്‍ട്ടിക്കെതിരായ നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്നാ‍ണ് ഔദ്യോഗിക പക്ഷം വ്യക്തമാക്കുന്നത്. പലപ്പോഴും പാര്‍ട്ടിയെ ഒറ്റു കൊടുക്കാന്‍ വി എസ് ശ്രമിച്ചു എന്നും ആരോപണമുണ്ട്.

വോട്ടെടുപ്പു ദിവസം മനസ്സാക്ഷി വോട്ടിന്നായി അദ്ദേഹം നടത്തിയ ആഹ്വാനം, ലാവ്‌ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്, പാര്‍ട്ടി തോറ്റ ശേഷമുള്ള വിവാദമായ ചിരി എന്നിവയാണ് ഔദ്യോഗിക പക്ഷം പ്രധാനമായും മുഖ്യമന്ത്രിക്ക് എതിരെയുള്ള ആയുധമാക്കുന്നത്.

തെരഞ്ഞെടുപ്പ്‌ അവലോകനത്തിനായി ചേര്‍ന്ന മൂന്നുദിവസത്തെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യദിവസമാണു മുഖ്യമന്ത്രിക്കെതിരെ ആക്രമണം അരങ്ങേറിയത്‌. പി ഡി പി ബന്ധം പൊതുവില്‍ ഇടതുമുന്നണിക്കു ഗുണകരമായില്ലെന്ന അഭിപ്രായവും കമ്മിറ്റിയിലുണ്ടായി. പി ഡി പിയുമായുള്ള ബന്ധവും വി എസ്‌ പാര്‍ട്ടിയ്ക്കെതിരെ ആയുധമാക്കിയതായി വിമര്‍ശനം ഉയര്‍ന്നു. പി ഡി പി ബന്ധം പൊളിക്കുന്നതില്‍ യു ഡി എഫ് വിജയിച്ചതില്‍ വി എസിന്‍റെ നിലപാട്‌ സഹായകമായിയെന്നും സംസ്ഥാനകമ്മിറ്റി വിലയിരുത്തി.

പാര്‍ട്ടിയിലെ വിഭാഗീയതയും അനൈക്യവും പരാജയത്തിനു കാരണമായതായും വിവിധ ജില്ലാ സെക്രട്ടറിമാര്‍ നിരീക്ഷിച്ചു. പി ഡി പി ബന്ധം, എസ് എന്‍ സി ലാവ്‌ലിന്‍ കേസ്‌ എന്നീ കാര്യങ്ങളില്‍ ഉയര്‍ന്ന വ്യാപകമായ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ പാര്‍ട്ടിക്കായില്ല

തെരഞ്ഞെടുപ്പു സമയത്ത്‌ പാര്‍ട്ടിയിലെ വിഭാഗീയത വളരെ പ്രകടമായിരുന്നു. ഇടതുമുന്നണിയിലെ ഘടകക്ഷികളുടെ എതിര്‍പ്പും സജീവമായിരുന്നു. സി പി ഐ, ജനതാദള്‍ എന്നീ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനായില്ല. ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സി പി എം ഏകപക്ഷീയമായി നടത്തുന്ന നിലയുണ്ടായതായും സെക്രട്ടറിമാര്‍ ചൂണ്‌ ടിക്കാട്ടി.

മുഖ്യമന്ത്രി വി എസിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള എല്ലാ തന്ത്രങ്ങളും പിണറായി പക്ഷം ഒരുക്കി കഴിഞ്ഞു. ഇന്നും, നാളെയും അതിന് മൂര്‍ച്ച കൂട്ടുക മാത്രമായിരിക്കും ഔദ്യോഗിക പക്ഷം ചെയ്യുക. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പി.ബി അംഗം എസ്‌ രാമചന്ദ്രന്‍ പിള്ളയും യോഗത്തില്‍ സംബന്ധിക്കുന്നുണ്‌ട്‌.

വെബ്ദുനിയ വായിക്കുക