അദ്വാനി ആര്‍എസ്എസ് അടിമ

Webdunia
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആര്‍‌എസ്‌എസിന്‍റെ അടിമയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആര്‍‌എസ്‌എസിനെ ഭയക്കാതെ അദ്വാനിക്ക് ഒരു തീരുമാനവും എടുക്കാനാവില്ല എന്നും സോണിയ ബുധനാഴ്ച കര്‍ണാടകയില്‍ പറഞ്ഞു.

" സ്വന്തം കസേര സംരക്ഷിക്കാനായാണ് അദ്വാനി ആര്‍‌എസ്‌എസിന്‍റെ അടിമയായിയിരിക്കുന്നതും സംഘടനയുടെ ഹീനമായ എല്ലാ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കുന്ന ഇടനിലക്കാരനായിരിക്കുന്നതും", കര്‍ണാടകയിലെ ബിദാറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ദുര്‍ബലനാണെന്ന അദ്വാനിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സോണിയ അദ്വാനിക്ക് ആര്‍‌എസ്‌എസിനെ ഭയക്കാതെ ഏതെങ്കിലും തീരുമാനം എടുക്കാനാവുമോ എന്നും ചോദിച്ചു.

പാര്‍ട്ടി അധ്യക്ഷനായിരിക്കെ അദ്വാനി പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ ജിന്നയെ മതേതരവാദിയെന്ന് വിശേഷിപ്പിച്ചത് ആര്‍‌എസ്‌എസിന്‍റെ അപ്രീതിക്ക് കാരണമായെന്നും അവസാനം രാജിവയ്ക്കേണ്ടി വന്നു എന്നും സോണിയ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു പ്രത്യേക പാര്‍ട്ടിയുടെ മാത്രമല്ല മുഴുവന്‍ ദേശത്തിന്‍റേതുമാണ്. പ്രധാനമന്ത്രിയെ അപമാനിക്കുന്നത് മുഴുവന്‍ ദേശത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്ന് അദ്വാനി മനസ്സിലാക്കണം. ഇനിയെല്ലാം ജനങ്ങളുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ്, മന്‍‌മോഹന്‍ സിംഗാണോ അദ്വാനിയാണോ ദുര്‍ബലന്‍ എന്ന് അവര്‍ തീരുമാനിക്കും, സോണിയ പറഞ്ഞു.

എന്‍ഡി‌എ ഭീകരതയോട് മൃദുസമീപനമാണ് നടത്തുന്നതെന്ന് കാണ്ഡഹാര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. എന്നാല്‍, യുപി‌എ ഭരണകാലത്ത് നടന്ന മുംബൈ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍ വംശജരാണെന്ന് ആ രാജ്യത്തെ കുറിച്ച് സമ്മതിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും സോണിയ പറഞ്ഞു.