മൂന്നു ജില്ലകളില്‍ വയനാട്

വ്യാഴം, 9 ഏപ്രില്‍ 2009 (15:09 IST)
മൂന്നു ജില്ലകള്‍ ഒന്നായി കൊണ്ടുള്ള ആദ്യത്തെ അങ്കം. അതിനാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് സാക്‌ഷ്യം വഹിക്കുന്നത്. കോഴിക്കോടും, വയനാടും, മലപ്പുറവും ഒത്തു ചേര്‍ന്ന് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമ്പോള്‍ ആരുടെ കളത്തിലായിരിക്കും നറുക്ക് വീഴുക എന്നുള്ളത് കാത്തിരുന്നു തന്നെ കാണണം. പുതിയ മണ്ഡലമായതിനാല്‍ തന്നെ ഇതിന് പാര്‍ലമെന്‍റ് ചരിത്രങ്ങളും ഇല്ല.

നിയമസഭ മണ്ഡലങ്ങള്‍: മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍

കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതണ് വയനാട് ലോക്സഭ മണ്ഡലം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്സഭ മണ്ഡലം.

ഇതില്‍ നേരത്തെ കല്‍പ്പറ്റ, ബത്തേരി, തിരുവമ്പാടി എന്നിവ കോഴിക്കോട് മണ്ഡലത്തിന്‍റെയും, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവ മഞ്ചേരി ലോക്സഭ മണ്ഡലത്തിന്‍റെയും ഭാഗമായിരുന്നു. നേരത്തെ കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന വടക്കേ വയനാട് മണ്ഡലം ഇല്ലാതായി. പകരം, പുതുതായി രൂപം കൊണ്ട മാനന്തവാടി, ഏറനാട് എന്നീ പുതിയ നിയമസഭാമണ്ഡലങ്ങള്‍ വയനാടിന്‍റെ പരിധിയിലായി.

മൂന്നു ജില്ലക്കാര്‍ എന്ന് തരം തിരിച്ച് കാണുമ്പോഴും ഒരു കാര്യത്തില്‍ വയനാട് മണ്ഡലം ഒരുമിച്ച് നില്‍ക്കുന്നുണ്ട്. കൂടുതലും മലയോരമേഖലയ്ക്ക് മുന്‍തൂക്കം ഉള്ള മണ്ഡലമാണ് വയനാട്. സാമൂഹികമായും സാംസ്കാരികമായും ഇങ്ങനെ മൂന്നു തരക്കാരാണെങ്കിലും ഭൂമിശാസ്ത്രപരമായുള്ള ഈ ഒത്തൊരുമ ഒരു പരിധി വരെ നിര്‍ണായകമായേക്കും. 17% ആദിവാസികളെ ഉള്‍ക്കൊള്ളുന്നു എന്നതും വയനാട് മണ്ഡലത്തിന്‍റെ മാത്രം സവിശേഷതയാണ്.

ഏറ്റവും പുതുതായി രൂപം കൊണ്ട വയനാട് മണ്ഡലം പൊതുവെ അറിയപ്പെടുന്നത് യു ഡി എഫിന് വേണ്ടി മെനഞ്ഞെടുത്ത മണ്ഡലമെന്നാണ്. പക്ഷേ, മണ്ഡലം തങ്ങളെ ഒരുതരത്തിലും കൈവിടില്ലെന്ന് ‘കണക്കുകളുടെ’ ആത്മവിശ്വസവുമായാണ് എല്‍ ഡി എഫ് എത്തുന്നത്.

വയനാട് ജില്ലയിലെ മണ്ഡലങ്ങളായ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍‌പ്പറ്റ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍ ഡി എഫ് ആയിരുന്നു. എന്നാല്‍, മലപ്പുറം ജില്ലയിലെ, നിലമ്പൂരും, വണ്ടൂരും, ഏറനാടും യു ഡി എഫിന് ശക്തമായ സ്വധീനമുള്ള മണ്ഡലമാണ്.

കര്‍ഷകരും ന്യൂനപക്ഷവും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മണ്ഡലത്തില്‍ പ്രധാന ഘടകമാണ്. എന്നാല്‍ വിജയകരമായി മലയോരമേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യു ഡി എഫിന് മണ്ഡലത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്.

കൂടാതെ, അന്ത്യ കൂദാശ വിവാദത്തില്‍ താമരശ്ശേരി രുപതയും പാഠപുസ്തക വിവാദത്തില്‍ മാനന്തവാടി രൂപതയും സര്‍ക്കാരിനോട് ഇടഞ്ഞതും യു ഡി എഫിന് അനുകൂല സാധ്യതയാണ്. കൂടാതെ, വയനാട് മണ്ഡലത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും യു ഡി എഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം, ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ച് ജനവിധി തേടാനെത്തുന്നത് തങ്ങളെ സഹായിക്കുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. കര്‍ഷക ആത്‌മഹത്യകള്‍ കുറഞ്ഞതും, തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക