മൂന്നാം മുന്നണിക്ക് പ്രഖ്യാപന പിറവി

വ്യാഴം, 9 ഏപ്രില്‍ 2009 (15:12 IST)
PRO
ചരിത്രപരമായ സഖ്യമെന്ന വിശേഷണവുമായി മൂന്നാം മുന്നണി ഇന്ത്യന്‍ രാഷ്ട്രീയക്കളരിയെ വലംവയ്ക്കുന്ന ഇളം കാറ്റായി പിറവി കൊണ്ടു. അതിനി ശക്തിയാര്‍ജ്ജിച്ച് രാഷ്ട്രീയ വടവൃക്ഷങ്ങളെ നിലം‌പതിപ്പിക്കുമോ എന്ന് കണ്ട് അറിയണം.

രാജ്യത്തെ മൂന്നാമതൊരു ശക്തിയുടെ തുടക്കത്തിനാണ് മൂന്നാം മുന്നണി തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ബാംഗ്ലൂരിനടുത്ത് തും‌കൂറില്‍ മൂന്നാം മുന്നണിയുടെ തുടക്കം കുറിച്ചുകൊണ്ട് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള മതേതര പ്രതിരോധമാണ് മൂന്നാം മുന്നണി എന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നതിനായി ഈ കൂട്ടായ്മ പ്രവര്‍ത്തിക്കും എന്നും കാരാട്ട് പറഞ്ഞപ്പോള്‍ ജനതാദള്‍ (എസ്) നേതാവും മൂന്നാം മുന്നണിയുടെ കണ്‍‌വീനറുമായ ദേവഗൌഡയടക്കമുള്ള നേതാക്കള്‍ പുതിയ മുന്നണിയുടെ ഉദയം ജനാധിപത്യ ഇന്ത്യയ്ക്ക് മൂന്നാമതൊരു പകരക്കാരാണെന്ന് വിളിച്ചറിയിച്ചു.

എന്നാല്‍, മൂന്നാം മുന്നണി ശൈഥില്യത്തില്‍ തന്നെയാണ് പിറവി കൊണ്ടത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി തെല്ലുമില്ല. ഇന്ത്യന്‍ വനിതാ രാഷ്ട്രീയ ശക്തി കേന്ദ്രങ്ങളായ മായാവതിയും ജയലളിതയും ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നത് വിലപേശലിനാണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും രാഷ്ട്രീയം പഠിക്കേണ്ടതില്ല.

പൊതുജനങ്ങളുടെ ആ വിലയിരുത്തല്‍ തെല്ലും തെറ്റിയില്ല. മുന്നണി രൂപീകരിച്ച അടുത്ത ദിവസം തന്നെ ഉത്തര്‍ പ്രദേശിന്‍റെ ശക്തി കേന്ദ്രമായ മായാവതിയില്‍ നിന്ന് ഒട്ടും സുഖകരമല്ലാത്ത വാര്‍ത്തയാണ് മുന്നണി നേതൃത്വത്തിന് ലഭിച്ചത്. മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടു. അതെ കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചിന്തിക്കാമെന്നാണ് സിപി‌ഐ നേതാവ് എ ബി ബര്‍ദന്‍ നല്‍കിയ മറുപടി.

എ‌ഐഡി‌എംകെ നേതാവ് ജയലളിത അസാന്നിധ്യം കൊണ്ടാണ് മൂന്നാം മുന്നണി പ്രഖ്യാപന വേളയില്‍ ശ്രദ്ധേയയായത്. എന്തായാലും അധികാരത്തിലും മുന്നണിയിലും വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത മുന്നണി അംഗങ്ങളുടെ അതൃപ്തി ഇനിയും ഇനിയും വര്‍ദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ മൂന്നാം പകരക്കാര്‍ എന്ന മുന്നണിയുടെ അവകാശവാദവും തെരഞ്ഞെടുപ്പോടെ അസ്തമിക്കാനേ വഴിയുള്ളൂ.

സിപിഎം, സിപിഐ, തെലുങ്കാന രാഷ്ട്ര സമിതി, തെലുങ്കുദേശം, എഐഎഡിഎംകെ, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌, ആര്‍എസ്‌ പി എന്നിവര്‍ക്കു പുറമേ ജനതാദളും ബി‌എസ്പിയും കൂടിയാണ് മൂന്നാം മുന്നണി വിഭാവനം ചെയ്തിരിക്കുന്നത്.

( ഫോട്ടോ നല്‍കിയത് - എന്‍ ആര്‍ ബി )

വെബ്ദുനിയ വായിക്കുക