ഘടന മാറിയ കോഴിക്കോട്

Webdunia
വ്യാഴം, 9 ഏപ്രില്‍ 2009 (15:08 IST)
മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ ഘടന മാറിയതോടൊപ്പം വിജയ സാധ്യതയും മാറിയ മണ്ഡലമാണ് കോഴിക്കോട്. പുതിയ മണ്ഡലങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും പഴയ മണ്ഡലങ്ങളുടെ ഒഴിവാക്കലുകളും കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കോഴിക്കോട്. രണ്ട് മണ്ഡലം കൂട്ടിച്ചേര്‍ത്തപ്പോള്‍ മൂന്ന് മണ്ഡലങ്ങള്‍ മണ്ഡലത്തില്‍ നിന്നൊഴിവാക്കി.

മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ബേപ്പൂരും കുന്ദമംഗലവുമാണ് പുതുതായി കൂടിച്ചേര്‍ക്കപ്പെട്ട മണ്ഡലങ്ങള്‍. ആദ്യത്തെ കോഴിക്കോടിന്‍റെ ഭാഗമായിരുന്ന തിരുവമ്പാടി, വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ മണ്ഡലങ്ങള്‍ പുതുതായി രൂപീകരിക്കപ്പെട്ട വയനാട് മണ്ഡലത്തിലേയ്ക്ക് ചേര്‍ക്കപ്പെട്ടു.

ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്,കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭൂമിശാസ്ത്രം. കോഴിക്കോട് ജില്ലയില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളാണ് പുതുതായി രൂപീകരിക്കപ്പെട്ടത്.

ഇതില്‍ എലത്തൂരാണ് കോഴിക്കോട് മണ്ഡലത്തിന്‍റെ ഭാഗം. ജില്ലയില്‍ മൊത്തം 12 നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നത് 13 എണ്ണമായി. കെ കെ ലതിക പ്രതിനിധാനം ചെയ്യുന്ന മേപ്പയ്യൂര്‍ ഇല്ലാതായി. കുന്ദമംഗലത്തിന് പകരം ബാലുശ്ശേരിയാണ് പുതിയ സംവരണ മണ്ഡലം. കോഴിക്കോട് ഒന്നും രണ്ടും മണ്ഡലങ്ങള്‍ പേര് മാറ്റി യഥാക്രമം കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് എന്നിങ്ങനെയായി.

നിയമസഭാ മണ്ഡലങ്ങളും പഞ്ചായത്ത്/വാര്‍ഡുകളും

ബാലുശ്ശേരി (സംവരണം): അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം.

എലത്തൂര്‍ - ചേളന്നൂര്‍, എലത്തൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍.

കോഴിക്കോട് നോര്‍ത്ത് - കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ഒന്നുമുതല്‍ 16 വരെ, 39, 40, 42 മുതല്‍ 51 വരെ.

കോഴിക്കോട് സൗത്ത് - വാര്‍ഡുകള്‍ 17 മുതല്‍ 38 വരെ, 41.

ബേപ്പൂര്‍ - ബേപ്പൂര്‍, ചെറുവണ്ണൂര്‍-നല്ലളം, ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര.

കുന്ദമംഗലം - ചാത്തമംഗലം, കുന്ദമംഗലം, മാവൂര്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍.

കൊടുവള്ളി - കിഴക്കോത്ത്, കൊടുവള്ളി, മടവൂര്‍, നരിക്കുനി ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ.

ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റ് എം പി വീരേന്ദ്രകുമാറാണ് പതിനാലാം ലോക്‌സഭയില്‍ കോഴിക്കോടിനെ പ്രതിനിധാനംചെയ്യുന്നത്. കോണ്‍ഗ്രസ്സിലെ അഡ്വ. വി ബാലറാമിനെ 60000ത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ വീരേന്ദ്രകുമാര്‍ ലോക്സഭയിലെത്തിയത്.

98 ലും കോഴിക്കോടിനെ പ്രതിനിധാനം ചെയ്ത വീരേന്ദ്രകുമാര്‍ ഇത്തവണയും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 98ല്‍ കോണ്‍ഗ്രസ്സിലെ അഡ്വ പി ശങ്കരനും 99ല്‍ കെ മുരളീധരനും കോഴിക്കോടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ആര്‍ക്കും ജയിക്കാവുന്ന മണ്ഡലമായിരുന്ന കോഴിക്കോട് ഘടന മാറിയതോടെ കൂടുതല്‍ ഇടത്തോട്ട് ചാഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

എന്നാല്‍ ഇടതുമുന്നണിയിലെ സീറ്റ് തര്‍ക്കം ഇടതുപക്ഷത്തിന്‍റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്ത് മണ്ഡലം ജനതാദളില്‍ നിന്ന് സിപി‌എം പിടിച്ചെടുത്തേക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പകരം വയനാട് സീറ്റ് ജനതാദളിന് നല്‍കാനാണ് പദ്ധതി.

സിപി‌എം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കോഴിക്കോട് ഇല്ലെങ്കിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ് ആണ് പരിഗണനയിലുള്ളത്. കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമ്മിഷണറായിരുന്ന പി എം അബ്ദുല്‍ ഖാദറിന്‍റെ മകനായ മുഹമ്മദ് റിയാസ് ‍സിപിഎം നോര്‍ത്ത്‌ ഏരിയാ കമ്മറ്റി അംഗം കൂടിയാണ്.

ജില്ലയിലെ മുസ്ലിം ന്യൂനപക്ഷ വോട്ട് ലക്‍ഷ്യം വച്ചാണ് 33കാരനായ ഈ യുവജന നേതാവിനെ സിപി‌എം ഗോദയിലിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി മുരളീധരനെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസുകൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ മണ്ഡലം പൂര്‍ണമായ തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തും.