ദീപാവലി ദിവസം ഉപവാസത്തോടു കൂടിയ വ്രതം

ദേവപ്രിയ കാങ്ങാട്ടില്‍

തിങ്കള്‍, 9 നവം‌ബര്‍ 2020 (20:30 IST)
അസുര ശക്തിക്കുമേല്‍ ദൈവിക ശക്തിയുടെ വിജയം അഥവാ തിന്‍‌മയ്ക്ക് മേലുള്ള നന്മയുടെ വിജയം സ്മരിക്കുകയാണ് ദീപാവലി ആഘോഷത്തിലൂടെ. ശ്രീരാമചന്ദ്രന്‍ ലങ്കാധിപനായ രാവണനുമേല്‍ നേടിയ വിജയത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലി. ദക്ഷിണേന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍.
 
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടായിരിക്കും. വീടുകളില്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാലങ്കാരങ്ങള്‍ ഒരുക്കിയും ദീപാവലി ആഘോഷം നടത്തുന്നു. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി എന്ന തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മിക്കവാറും ഈ ദിവസം കറുത്തവാവോ അതിനോട് തൊട്ടടുത്ത ദിവസമോ ആയിരിക്കും.
 
ദീപാവലിയുടെ മിക്ക കഥകളും ശ്രീകൃഷ്ണനോടും മഹാലക്ഷ്മിയോടും ബന്ധപ്പെട്ടതായിരിക്കും. ഉത്തരകേരളത്തില്‍ ഈ ദിവസം ലക്ഷ്മീപൂജ നടത്തുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്‍റെ സ്മരണയ്ക്കായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതുകൊണ്ട് ശത്രുസംഹാര ഭാവത്തിലുള്ള ശ്രീകൃഷ്ണമൂര്‍ത്തിയെ കുറിച്ചുള്ള മന്ത്രജപങ്ങളാണ് ഈ ദിവസം വേണ്ടത്.
 
ദീപാവലിക്ക് വ്രതമെടുക്കുന്നതും വളരെ വിശേഷമാണ്. തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ.
 
ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്. പിറ്റേന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ കുളിച്ചു തൊഴുകയും വേണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍