ദീപാവലി - രണ്ട് ഐതിഹ്യങ്ങള്‍

PROPRO
ശ്രീരാമന്‍ ലങ്കയില്‍ നിന്ന് സീതയുമായി തിരിച്ചെത്തിയതും ശ്രീകൃഷ്ണന്‍ വിജയശ്രീലാളിതനായി പാരിജാത പുഷ്പവുമായി മടങ്ങിവന്നതും വിവിധ കാലങ്ങളിലെ ഒരേ ദിവസമായിരുന്നു. അത് ദീപാവലി ദിവസമായിരുന്നു. അല്ലെങ്കില്‍ ആ ദിവസമാണ് ദീപാവലി ദിവസമായി നാം ആഘോഷിക്കുന്നത്.

ഒന്നാമത്തെ കഥ ത്രേതായുഗത്തിലുണ്ടായതാണ്. ഹിരണ്യകശിപുവിന്‍റെ അവതാരമാണ് രാവണന്‍. രാവണനെ ദേവലോകത്തുള്ളവര്‍ പോലും ഭയപ്പെട്ടു. രാവണ നിഗ്രഹത്തിനായി മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചു.

സീതയെ കട്ടുകൊണ്ടുപോയതോടെ രാവണന്‍റെ കഷ്ടകാലം തുടങ്ങി. ലങ്കയില്‍ ചെന്ന് രാമന്‍ രാവണനെ തോല്‍പ്പിച്ച് സീതയുമായി അയോധ്യയില്‍ മടങ്ങിയെത്തി. അപ്പോള്‍ അവിടത്തെ ജനങ്ങള്‍ ദീപങ്ങള്‍ കൊളുത്തി അവരെ എതിരേറ്റു. ഇതാണ് ദീപാവലി.

സീത ലക്ഷ്മീ ദേവിയുടെ അവതാരമാണല്ലൊ. അതുകൊണ്ട് ദീപാവലി ദിവസം ലക്ഷ്മീ പൂജയ്ക്കും പ്രാധാന്യം കൈവന്നു.


PROPRO
്രണ്ടാമത്തെ കഥ നടന്നത് ദ്വാപരയുഗത്തിലാണ്. ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്ന കാലത്ത് ഭൂമിയിലുണ്ടായിരുന്ന അസുരനാണ് ഭൂമീ ദേവിയുടെ മകനായ ഭൌമാസുരന്‍ എന്ന നരകാസുരന്‍. അതിശക്തനായ നരകാസുരന്‍ ഒരിക്കല്‍ ദേവേന്ദ്രന്‍റെ അമ്മ അദിതിയുടെ കുണ്ഡലങ്ങളും കുടയും തട്ടിയെടുത്തു. ദേവേന്ദ്രന്‍ ശ്രീകൃഷ്ണനെ അഭയം പ്രാപിച്ചു.

ദ്വാരകയില്‍ വന്ന നാരദ മുനി ശ്രീകൃഷ്ണന് ഒരു പാരിജാത പുഷ്പം സമര്‍പ്പിച്ചു. ഇത് സ്വര്‍ഗ്ഗത്തു നിന്ന് കിട്ടിയതാണെന്ന് പറയുകയും ചെയ്തു. ശ്രീകൃഷ്ണന്‍ പാരിജാതം രുഗ്മിണിക്ക് നല്‍കി. ഇത് കണ്ടുനിന്ന ഭാമയ്ക്ക് സങ്കടമായി.

ഈയവസരത്തിലാണ് ദേവേന്ദ്രന്‍ ഭൌമാസുരനെ വധിച്ച് ദ്രോഹങ്ങള്‍ ഒഴിവാക്കണമെന്ന് ശ്രീകൃഷ്ണനോട് അപേക്ഷിച്ചത്. അത് കഴിഞ്ഞാല്‍ ഇന്ദ്രപുരിയില്‍ നിന്നും എത്ര പാരിജാത മരങ്ങള്‍ വേണമെങ്കിലും പിഴുതെടുക്കാമെന്നും വാക്കുനല്‍കി.

നരകാസുരനാകട്ടെ പല രാജാക്കന്മാരെയും കീഴടക്കി സുന്ദരിമാരായ 16,100 യുവതികളെ തടവിലാക്കുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് എല്ലാ യുവതികളെയും മോചിപ്പിച്ചു.

ഒരേ മുഹൂര്‍ത്തത്തില്‍ അനേകം കൃഷ്ണന്മാരായി മാറി അവരെയെല്ലാം വിവാഹം ചെയ്യുകയും അവര്‍ക്ക് പാരിജാത പുഷ്പം കൊടുക്കാനായി ഇന്ദ്രപുരിയിലേക്ക് പോവുകയും ചെയ്തു.

കാര്യസാധ്യം നടന്നതുകൊണ്ട് ഇന്ദ്രന്‍ പാരിജാത പുഷ്പം കൊടുത്തില്ല. കൃഷ്ണന്‍ പൂ പറിച്ചെടുത്തത് കണ്ട് ദേവസൈന്യം യുദ്ധത്തിനു വന്നു. ഒരു നിമിഷം കൊണ്ട് തോറ്റമ്പി. ദേവഗുരുവായ ബ്രഹസ്പതി കൃഷ്ണന് പാരിജാതം നല്‍കാന്‍ ദേവേന്ദ്രനെ ഉപദേശിച്ചു.

അങ്ങനെ പാരിജാതവുമായി ശ്രീകൃഷ്ണന്‍ തിരിച്ചുവന്ന ദിവസവും നവവധുക്കള്‍ അടക്കമുള്ള ജനങള്‍ ദീപങ്ങള്‍ കൊളുത്തി എതിരേറ്റു. അങ്ങനെയത് ദീപാവലിയായി മാറി.