ദീപാവലി വ്രതം

PROPRO
തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി എന്ന തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മിക്കവാറും ഈ ദിവസം കരുത്തവാവിനോ അതിനോട് തൊട്ടടുത്ത ദിവസമോ ആയിരിക്കും.

ദീപാവലിയുടെ മിക്ക കഥകളും ശ്രീകൃഷ്ണനോടും മഹാലക്ഷ്മിയോടും ബന്ധപ്പെട്ടതായിരിക്കും. ഉത്തരകേരളത്തില്‍ ഈ ദിവസം ലക്ഷ്മീ പൂജ നടത്തുന്നു.

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്‍റെ സ്മരണയ്ക്കായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതുകൊണ്ട് ശത്രുസംഹാര ഭാവത്തിലുള്ള ശ്രീകൃഷ്ണ മൂര്‍ത്തിയെ കുറിച്ചുള്ള മന്ത്രജപങ്ങളാണ് ഈ ദിവസം വേണ്ടത്.

ദീപാവലിക്ക് വ്രതമെടുക്കുന്നതും വളരെ വിശേഷമാണ്. തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ.

ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്. പിറ്റേന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ കുളിച്ചു തൊഴുകയും വേണം.


ദീപാവലി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എണ്ണ തേച്ച് കുളിച്ച് പുതുവസ്ത്രം ധരിച്ച് ഓം നമോ നാരായണായ നമ: എന്ന അഷ്ടാക്ഷര മന്ത്രം കഴിയാവുന്നത്ര തവണ ജപിക്കണം. പിന്നീട് ക്ഷേത്ര ദര്‍ശനം. തലയില്‍ തുളസിക്കതിര്‍ ചാര്‍ത്തണം.

ഉച്ചയ്ക്ക് ഓം വിഷ്ണവേ നമ: എന്ന മന്ത്രം 3008 പ്രാവശ്യം ജപിക്കണം. വൈകിട്ട് ഓം നമോ ഭഗവതേ നാരായണായ മധുസൂദനായ നിത്യാത്മനേ ശ്രീം നമ: എന്ന മന്ത്രം 3008 പ്രാ‍വശ്യം ജപിക്കണം എന്നാണ് അഭിജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്.

സന്ധ്യാനേരത്ത് കഴിയാവുന്നത്ര ദീപങ്ങള്‍ തെളിയിച്ച് വിഷ്ണു ഭഗവാന് അഷ്ടോത്തര ശതം, സഹസ്രനാമം, സ്തോത്രങ്ങള്‍ എന്നിവ ആകാവുന്നത്ര ജപിക്കണം.

വിദ്യാ വിജയത്തിന് വിദ്യാരാജഗോപാല മന്ത്രം, ശത്രുദോഷ ശാന്തിക്ക് വൈഷ്ണവമാലാ മന്ത്രം, തടസം മാറാനും പ്രേമസാഫല്യത്തിനും അഷ്ടാദശ മന്ത്രം, ഉദ്യോഗ വിജയത്തിന് പഞ്ചാഗ്നി മന്ത്രം, ദൃഷ്ടി ദോഷവും ശാപവും അകറ്റാന്‍ രാജഗോപാല മന്ത്രം, മന:ശാന്തിക്കും പാപശാന്തിക്കും വിഷ്ണുഗായത്രി, കലാമികവിന് വശ്യഗോപാല പൂജ, ദാമ്പത്യ ഭദ്രതയ്ക്ക് വൈഷ്ണവ ദ്വാദശ മന്ത്രം, ദു:ഖശാന്തിക്ക് നവനീത ഗോപാലമന്ത്രം എന്നിവയൊക്കെയാണ് ജപിക്കേണ്ട മന്ത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക