ദീപാവലി അഞ്ച് ദിവസം

പ്രകാശപൂജയാണ് ദീപാവലി. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിനു വേണ്ടിയുള്ള മനുഷ്യന്‍റെ പ്രയാണവും
WDWD
പ്രാര്‍ത്ഥനയുമാണ് ദീപാവലിയുടെ അകപ്പൊരുള്‍.

ദീപങ്ങളുടെ കൂട്ടം (ആവലി) കാര്‍ത്തിക മാസത്തിലെ അമാവാസിയുടെ കാര്‍ഷ്യത്തെയാണ് ഇല്ലാതാക്കുന്നത്.ഇതാകട്ടെ പ്രതീകാത്മകമായി ദുഖം,ദാരിദ്ര്യം,ആപത്ത്,അസുഖം,അജ്ഞാനം തുടങ്ങിയ വിവിധ അന്ധകാരങ്ങളെ മാറ്റി പ്രകാശം പരത്തലാണ്

ഈ ഉത്സവം ഭാരതത്തില്‍ ആകമാനമുള്ള ഒരു സാമൂഹിക ഉത്സവമാണ്. എല്ലാ പ്രദേശങ്ങളില്‍ ഉള്ളവരും ജീവിതത്തിന്‍റെ എല്ലാ ശ്രേണികളില്‍ ഉള്ളവരും ദീപാവലി ആഘോഷിക്കുന്നു.

ദീപാവലി ഇന്ത്യയുടെ നവവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സുദിനത്തില്‍ ജനങ്ങളുടെ കൂട്ടായ്മയും ആശയും അഭിലാഷവും എല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉത്സവം.

ദീപാവലി ഉത്സവം അഞ്ച് ദിവസമാണ് നടക്കുന്നത്.കൃഷ്ണപക്ഷ ത്രയോദശിയില്‍ തുടങ്ങി ശുക്ലപക്ഷദ്വിതീയയ്ക്ക് അവസാനിക്കുന്ന. അതായത് ത്രയോദശിയിലെ ധനരേതസ്സില്‍ നിന്നാരംഭിച്ച് ഭാര്‍തൃദ്വിതീയ എന്ന അഞ്ചാം പര്‍വത്തോടെയാണ് ഇത് അവസാനിക്കുക.

ദീപാവലിയുടെ പഞ്ചദിനാഘോഷം ലുപ്തമായി വരുന്നുണ്ടെങ്കിലും വെവ്വേറെ പൂജകളും ചടങ്ങകളുമാണ് ഈദിവസങ്ങളില്‍ നടക്കുക.അഞ്ച് പര്‍വങ്ങള്‍ക്കും വിശിഷ്ടമായ പല കഥകളുമുണ്ട്.


WDWD
ത്രയോദശി

ദീപാവലിയുടെ പഞ്ചദിനങ്ങളില്‍ ആദ്യത്തേത് കൃഷ്ണപക്ഷ ത്രയോദശിയാണ്.
യമരാജാവിനെ പ്രീതിപ്പെടുത്താനും അപമൃത്യു ഇല്ലാതാക്കാനുമായി ത്രയോദശി സന്ധ്യയില്‍ ദീപം കത്തിക്കുന്നത് അതിവിശിഷ്ടമാണെന്ന് സ്കന്ദപുരാണവും പത്മപുരാണവും പറയുന്നുണ്ട്.

ഇവിടെയാണ് പ്രകാശപൂജയുടെ തുടക്കം. ത്രയോദശി നാള്‍ മുതല്‍ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിക്കാന്‍ തുടങ്ങുന്നു.

പാലാഴിമഥന സമയത്ത് ലഭിച്ച പതിനാലു രത്നങ്ങളില്‍ രണ്ടെണ്ണം ധനദേവതയായ ലക്ഷ്മിയും ആയുര്‍വേദാചാര്യനായ ധന്വന്തരിയുമാണ്. മഹാവിഷ്ണു ലക്ഷ്മിയെ വരിച്ച് ധന്വന്തരിയോട് ധന്യനെന്ന കാശി രാജാവിന്‍റെ മകനായി ത്രയോദശി നാളില്‍ കാശിയില്‍ ജനിക്കാന്‍ നിര്‍ദ്ദേശിച്ചു.

അതുകൊണ്ട് ഈ ദിവസം ധ്വന്വന്തരി ത്രയോദശി എന്ന പേരിലും പ്രസിദ്ധമാണ്.
ലക്ഷ്മീ ദേവി അവതരിച്ചതുകൊണ്ട് ഈ ദിവസം ധനരേതസ്സ് എന്നും അറിയപ്പെടുന്നു.

വ്യാപാരികള്‍ ഈ ദിവസം ലക്ഷ്മീ പൂജ ചെയ്യുന്നു. ലക്ഷ്മിയെ (ധനത്തെ) നേടുന്നതും ചെലവഴിക്കുന്നതും സാത്വിക രൂപത്തിലാവണം എന്ന ചിന്ത ഭാരതീയ സംസ്കൃതിയില്‍ രൂഢമൂലമായി.

മറ്റൊരു കഥ മഹാബലിയുമായി ബന്ധപ്പെട്ടതാണ്. പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തവേ ബലി വാമനനോട് ചോദിച്ചത് ത്രയോദശി തുടങ്ങി മൂന്ന് ദിവസം തന്‍റെ പ്രജകളില്‍ ആരെങ്കിലും യമരാജാവിനെ പൂജിക്കുകയാണെങ്കില്‍ അവന് യമന്‍റെ യാതനകള്‍ സഹിക്കാന്‍ ഇടവരരുത് എന്നായിരുന്നു. അങ്ങനെ ഭവിക്കട്ടെ എന്ന് വാമനനും അരുളിച്ചെയ്തു. അന്ന് തുടങ്ങി മൂന്ന് ദിവസം പ്രകാശ പൂജയ്ക്ക് തുടക്കമായി.

.


PROWD
ചതുര്‍ദ്ദശി

അടുത്ത ദിവസം ചതുര്‍ദശി. ഇത് നരക ചതുര്‍ദശി എന്നാണ് അറിയപ്പെടുന്നത്. ദുഷ്ടനായ നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച് ലോകത്തെയും കാരാഗ്രഹത്തില്‍ നിന്ന് അനേകം സ്ത്രീകളേയും മോചിപ്പിച്ചു. പാപത്തില്‍ നിന്നും അത്യാചാരത്തില്‍ നിന്നും മോചനം നേടാനായാണ് ചതുര്‍ദശി ദിനം ആഘോഷിക്കുന്നത്. ഈ ദിവസവും ദീപങ്ങള്‍ കൊളുത്തി പ്രകാശപൂജ നടത്താറുണ്ട്.

അമാവാസി

അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. കറുത്ത വാവ് ലോകത്തെ ഗ്രസിച്ചു നില്‍ക്കുമ്പോള്‍ അതിനെ നേരിടാന്‍ ദീപങ്ങളുടെ മാല കൊളുത്തുന്നു. ഇത് പ്രകാശപൂജയുടെ മറ്റൊരു മുഖം.

വിജയദശമി, ശ്രീരാമന്‍ രാവണനുമേല്‍ നേടിയ വിജയത്തിന്‍റെ ഉത്സവം ആണെങ്കില്‍ ദീപാവലി അമാവാസിയാകട്ടെ രാമന്‍ അയോധ്യയിലേക്ക് തിരിച്ചു വരുമ്പോഴുണ്ടായ പ്രകാശോത്സവത്തിന്‍റെ സ്മരണകളാണ്.

ഈ ദിവസത്തിന് ഇനിയും പ്രത്യേകതകളുണ്ട്. യുധിഷ്ഠിരന്‍ നടത്തിയ രാജസൂയത്തിന്‍റെ പൂര്‍ണ്ണ ആഹൂതി ദിനമാണിത്. മഹര്‍ഷി ദയാനന്ദസ്വാമിയുടെ നിര്‍വാണദിനമാണ്. ശ്രീകൃഷ്ണന്‍റെയും മഹാവീരന്‍റെയും ദേഹത്യാഗം നടന്നതും ഇതേ ദിവസം തന്നെ. ഈ ദിവസം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ദേവിമാരെയും പൂജ ചെയ്യാറുണ്ട്.


PROPRO
കാര്‍ത്തിക ശുക്ലപ്രതിപദം

കാര്‍ത്തികമാസത്തിലെ ശുക്ലപ്രതിപദം ആയ ഈ തിഥിക്ക് ബലിപ്രദം എന്നുകൂടി പേരുണ്ട്. ഈ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ വര്‍ഷം മുഴുവന്‍ അതേപടി നിലനില്‍ക്കുന്നു. പരസ്മ്പരം ആശംസകള്‍ കൈമാറുകയും ആളുകള്‍ ഒരുമിച്ചു ചേരുകയും സന്തോഷിക്കുകയും ചെയ്യുന്ന ദിവസം.

ഈ ദിവസത്തിനും മഹാബലിയുമായി ബന്ധമുണ്ട്. ബലിയുടെ തലയില്‍ വിഷ്ണു ഭഗവാന്‍ കാലടിവച്ച് പാതാളത്തിലേക്ക് അയയ്ക്കുമ്പോള്‍ ബലിയോട് പറഞ്ഞു, ഇന്നു മുതല്‍ ഈ ദിവസം നിന്നെ പൂജിക്കുന്നവന്‍ സദാ സുഖത്തോടെയിരിക്കും.


യമദ്വിതീയ

ദീപാവലിയുടെ അഞ്ചാം പര്‍വ്വമായ യമദ്വിതീയയെ ഭാര്‍തൃദ്വിതീയ എന്നും വിളിക്കുന്നു. സഹോദരിയോടുള്ള ആദരവിനെ സൂചിപ്പിക്കുന്നതാണ് ഈ ദിവസത്തെ പ്രകാശപൂജ.

ഭ്രാതാവ് അഥവാ സഹോദരന്‍ ഈ ദിവസം സഹോദരിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് സംതൃപ്തനാവുന്നു. സഹോദരി സഹോദരന്‍റെ നന്‍‌മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. രക്ഷാബന്ധനത്തോട് സമാനമായ ഒരു ആചാരമാണിത്.

പുരാണത്തില്‍ ഇത് സംബന്ധിച്ച കഥ യമനുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യപുത്രനായ യമനെ സഹോദരി യമുന വീട്ടിലേക്ക് ക്ഷണിക്കുന്നു. യമന്‍ തന്‍റെ എല്ലാ തടവുകാരെയും മോചിപ്പിച്ച് സഹോദരിയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നു. മഥുരയിലെ യമുനയില്‍ യമദ്വിതീയ ദിവസം കുളിച്ചാല്‍ അപമൃത്യു ഭയം ഇല്ലാതാവും.

ഇങ്ങനെ അഞ്ച് പര്‍വ്വങ്ങളോടു കൂടിയതാണ് വിപുലമായ ദീപാവലി മഹോത്സവം. സാംസ്കാരിക ഐക്യത്തിനു വേണ്ടി ഭാരതീയ മഹര്‍ഷിമാര്‍ ഉണ്ടാക്കിവച്ച അഞ്ച് പര്‍വ്വങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്.