കാലം മറയ്ക്കാത്ത ദേവനര്‍ത്തകി: തങ്കമണി ഗോപിനാഥിന്‍റെ ജന്‍‌മശതാബ്‌ദി 27ന്

വെള്ളി, 23 മാര്‍ച്ച് 2018 (17:53 IST)
തങ്കമണി ഗോപിനാഥിന്‍റെ ജന്‍‌മശതാബ്‌ദിയാണ് മാര്‍ച്ച് 27. ദീര്‍ഘകാലം തെന്നിന്ത്യയിലെ വിഖ്യാത നര്‍ത്തകിയായിരുന്നു തങ്കമണി. നൃത്തപ്രതിഭ ഗുരുഗോപിനാഥിന്‍റെ പത്നി. മാര്‍ച്ച് 27 ചൊവ്വാഴ്ച ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ തങ്കമണിയമ്മയുടെ ജന്‍‌മശതാബ്‌ദി ആഘോഷം നടക്കും. സാംസ്കാരിക സദസും അനുസ്മരണ സമ്മേളനവും ജന്‍‌മശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചുണ്ടാവും. മോഹിനിയാട്ടത്തിന്‍റെ നവഭാവുകത്വത്തേക്കുറിച്ച് സെമിനാര്‍ നടക്കും. കാലാതിവര്‍ത്തികളായ കേരള കവിതകളുടെ മോഹിനിയാട്ടം നൃത്താവിഷ്കാരവും ഉണ്ടാകും.
 
ഈ വിഖ്യാത മോഹിനിയാട്ടം കലാകാരിയെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിവ് വളരെക്കുറവാണ്. 1918 മാര്‍ച്ച് 27ന് പന്തലത്ത് ഗോവിന്ദന്‍ നായരുടെയും തൃശൂര്‍ കുന്നം‌കുളം മങ്ങാട്ട് മുളയ്ക്കല്‍ കുഞ്ഞിക്കാവമ്മയുടെയും മകളായി തങ്കമണി ജനിച്ചു. 1930കളില്‍ കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിന്‍റെ ആദ്യ വിദ്യാര്‍ത്ഥിനിയായിരുന്നു തങ്കമണി. പെണ്‍കുട്ടികള്‍ അടുക്കളയിലൊതുങ്ങിക്കഴിഞ്ഞിരുന്ന കാലത്ത് മോഹിനിയാട്ടം പഠിക്കുകയും ആ രംഗത്ത് ശോഭിക്കുകയും ചെയ്തു. കേരളത്തില്‍ നൃത്തതരംഗത്തിന് അതോടെ തുടക്കമായി. 
 
1936 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു തങ്കമണിയും ഗോപിനാഥും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷം ഗുരു ഗോപിനാഥിന്‍റെ സഹനര്‍ത്തകി എന്ന രീതിയില്‍ ഖ്യാതി നേടി. അപ്പോഴേക്കും തങ്കമണി മോഹിനിയാട്ടത്തോട് വിടപറഞ്ഞിരുന്നു. 
 
പിന്നീട് ‘കേരളനടനം’ എന്ന നൃത്തരൂപത്തിന് ഗോപിനാഥും തങ്കമണിയും രൂപം നല്‍കി. നാല്‍പ്പതുകളിലും അമ്പതുകളിലും ‘ഗോപിനാഥ് - തങ്കമണി’ നൃത്തദ്വയം തെന്നിന്ത്യയുടെ ഹരമായിരുന്നു. ഇരുവരും ചേര്‍ന്നഭിനയിച്ച രാധാ-കൃഷ്ണ, ശിവ-പാര്‍വതി, ലക്ഷ്മീ-നാരായണ നൃത്തങ്ങളുടെ ഖ്യാതി രാജ്യം കടന്നും സഞ്ചരിച്ചു. ഇന്ത്യയിലും വിദേശത്തും ഇരുവരും ചേര്‍ന്ന് ഒട്ടേറെ നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. തങ്കമണിയുടെ പന്തടിനൃത്തവും പേരുകേട്ടതാണ്. അശോകവനത്തിലെ സീതയായുള്ള തങ്കമണിയുടെ പകര്‍ന്നാട്ടത്തിന്‍റെ ചാരുത എത്ര തലമുറകള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന ഉജ്ജ്വലമായ ഓര്‍മ്മയാണ്. കാല്‍നൂറ്റാണ്ടുകാലം ഗോപിനാഥ് - തങ്കമണി നൃത്തജോഡി തെന്നിന്ത്യന്‍ അരങ്ങുകളും സഹൃദയമനസുകളും കീഴടക്കി. 
 
കഥകളിയരങ്ങിലെ സ്ത്രീ സാന്നിധ്യത്തേക്കുറിച്ച് കലാലോകം പോലും നെറ്റിചുളിച്ചിരുന്ന കാലത്ത് അരങ്ങില്‍ മിന്നിത്തിളങ്ങാന്‍ തങ്കമണിക്ക് സാധിച്ചു. ഏറെ പ്രാഗത്ഭ്യം ആവശ്യമായ കൈമുദ്രകളെയും മുഖഭാവങ്ങളെയും മിഴിചലനങ്ങളെയും അതിമനോഹരമായി അവതരിപ്പിക്കാന്‍ തങ്കമണിയമ്മയ്ക്ക് കഴിഞ്ഞത് ഗുരുഗോപിനാഥിന്‍റെ ശിക്ഷണം കൊണ്ടുകൂടിയാണ്. പിന്നീട് വലിയ നര്‍ത്തകിമാരും അഭിനേതാക്കളുമായി മാറിയ ലളിത, പദ്മിനി, രാഗിണി, ഭവാനി ചെല്ലപ്പന്‍ തുടങ്ങി ഒട്ടേറെപ്പേരുടെ നൃത്താധ്യാപികയായിരുന്നു തങ്കമണി. 
 
കെ സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത പ്രഹ്ലാദ എന്ന സിനിമയില്‍ ഗുരു ഗോപിനാഥിനൊപ്പം തങ്കമണിയമ്മ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ നായികയായതിനൊപ്പം അതില്‍ പാടുകയും ചെയ്തു. അവരുടെ ഏതാനും നൃത്തരംഗങ്ങള്‍ ആ സിനിമയുടെ ഹൈലൈറ്റായിരുന്നു. മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായിരുന്നു 1941ല്‍ പുറത്തിറങ്ങിയ പ്രഹ്‌ളാദ. അമ്പതുകളുടെ അവസാനത്തോടെ തങ്കമണി നൃത്തവേദികളില്‍ നിന്നു പിന്‍‌മാറി.
 
ഗുരു ഗോപിനാഥിന്‍റെ വിയോഗത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1990 ഡിസംബര്‍ 28ന് തങ്കമണി ഗോപിനാഥ് അന്തരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍