തൃശൂര്‍ ജില്ലയില്‍ ഇത് നിലനില്‍ക്കുന്നു. രണ്ട് ജാതിക്കാര്‍ ചേര്‍ന്നാണ് ഈ കല അവതരിപ്പിക്കുന്നത്. നായന്‍മാരും മണ്‍പത്രമുണ്ടാക്കുന്ന കുശവന്‍മാരുമാണ് ഈ കലാപരിപാടിയില്‍ പങ്കെടുക്കുന്നത്.
കുംഭാരന്‍മാര്‍ പങ്കെടുക്കുന്നതുകൊണ്ട് ഇതിനു കുടംചോഴി എന്നും പേരുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഈ സമൂഹ്യ വിനോദ കലാപ്രകടനത്തില്‍ പങ്കെടുക്കുന്നു.
ധനുമാസത്തിലെ മകയിരം ദിവസം രാത്രിയാണ് കളി തുടങ്ങുക. ഒരു മൈതാനത്തു നിന്ന് ആദ്യം കളിച്ചശേഷം നാട്ടിലെ വീടുകള്‍ എല്ലാം കയറിയിറങ്ങി കളിച്ച് പുലര്‍ച്ചെ കളി തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുകയാണ് പതിവ്.
ചോഴികളും ചില കഥാപാത്രങ്ങളുമാണ് ചോഴിക്കളിയില്‍ ഉണ്ടാവുക .ഉണങ്ങിയ വാഴയില ശരീരത്തില്‍ വച്ചുകെട്ട് തലയില്‍ രണ്ട് കൊമ്പും വയ്ക്കുന്നു. ഇതാണ് ചോഴികെട്ടല്‍. കുട്ടികളാണ് ചോഴിവേഷം കെട്ടുക പതിവ്.
കാലന്‍, ചിത്രഗുപ്തന്‍, മുത്തിയമ്മ തുടങ്ങിയ വേഷങ്ങള്‍ മുതിര്‍ന്നവരും കെട്ടും. ചോഴിക്കളിയുയ്ടെ ഉല്‍പ്പത്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. എങ്കിലും ഇത് വളരെ പഴയ ഒരു കലാരൂപമാണെന്നാണ് വിശ്വാസം.
ചോഴിക്കളി അവതരിപ്പിക്കാന്‍ കുട്ടികളും വലിയവരും അടക്കം 25 പേരെങ്കിലും വേണം. ചോഴി കെട്ടി നില്‍ക്കുന്ന കുട്ടികളുടെ നടുവിലായി അവരുടെ നേതാവ് നില്‍ക്കും. പിന്നീട് അവരെ വട്ടത്തിലിരുത്തി അയാള്‍ പാട്ടുപാടാന്‍ തുടങ്ങും. പിന്നീട് വാദ്യത്തോടെ കളി തുടങ്ങും. ചോഴികള്‍ കൈകൊട്ടിക്കളിക്കും.
അപ്പോള്‍ കാലന്‍റെയും ചിത്രഗുപ്തന്‍റെയും വേഷം കെട്ടിനില്‍ക്കുന്ന മുതിര്‍ന്ന ആളുകള്‍ അവിടേക്ക് അലറിക്കൊണ്ട് കടന്നുവരും. അതിനു പിന്നാലെ മുത്തിയമ്മയുടെ വേഷം കെട്ടിയ ആളും എത്തുന്നു. മുത്തിയമ്മ പാട്ടുകള്‍ പാടുന്നു.
സാധാരണ നിലയില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് ഈ കല അവതരിപ്പിക്കാറ്. പൊറാട്ട് അവതരിപ്പിക്കുന്നതുപോലെ ആദ്യം ഒരു പൊതുസ്ഥലത്തും പിന്നീട് വീടുവീടാന്തരവും ചോഴിക്കളി അവതരിപ്പിക്കുന്നു. കളി തുടങ്ങുമ്പോള്‍ നാട്ടുമൂപ്പന്‍മാര്‍ അവിടെ ഉണ്ടായിരിക്കണം എന്നാണ് വയ്പ്പ്.