ഗുരു തകഴി കുഞ്ചുക്കുറുപ്പ്

PRO
കഥകളി പ്രസ്ഥാനത്തിന് സാത്വികവും ആഹാര്യവുമായ പുതിയ ശോഭാപ്രസരം കൈവരുത്തുന്നതില്‍ മാത്രല്ല, അതില്‍തന്നെ ജീവിതമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് പുതിയ അഭിമാനബോധം ഉളവാക്കുന്നതിനും അവര്‍ക്ക് സമൂഹമധ്യത്തിലുള്ള പദവി ഉയര്‍ത്തുന്നതിലും എക്കാലവും ശ്രദ്ധ പതിപ്പിച്ച ഒരു കലോപാസനകനാണ് കുഞ്ചുക്കുറുപ്പ്.

അദ്ദേഹം അന്തരിച്ചിട്ട് 2008 ഏപ്രില്‍ 2ന് 35 കൊല്ലം തികയുന്നു. ഇന്ത്യയാകെ പരന്ന ആ നടനപ്രഭ 1973 ഏപ്രില്‍ രണ്ടിനാണ് അസ്തമിച്ചത്.

ചങ്ങനാശേരി താലൂക്കില്‍ കുറിച്ചിയിലുള്ള കോമടത്തു കുടുംബത്തില്‍ നിന്ന് താഴ്വഴി പിരിഞ്ഞ്
തകഴിയില്‍ പൊയ്പള്ളിക്കുളത്തില്‍ വീട്ടില്‍ താമസമുറപ്പിച്ച ലക്സ്മിഅമ്മയും വേലിക്കകത്ത് പരമേശ്വരകൈമാളുമായിരുന്നു കുറുപ്പിന്‍റെ മാതാപിതാക്കള്‍.

ഇവരുടെ ആറുസന്താനങ്ങളില്‍ ഏറ്റവും ഇളയവനായി കുഞ്ചുക്കുറുപ്പ് 1881 ഏപ്രിലില്‍ (1056 മീനം) ജനിച്ചു.

മൂത്തജ്യേഷ്ഠനായ ശങ്കരക്കുറുപ്പ് അക്കാലത്ത് പ്രാദേശികമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു കഥകളി നടനായിരുന്നു. (പ്രസിദ്ധസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പിതാവാണ് ശങ്കരക്കുറുപ്പ്. ജ്യേഷ്ഠനെപ്പോലെ ഒരു കഥകളി നടനാകണമെന്ന ആഗ്രഹക്കാരനായിരുന്നു കുഞ്ചുക്കുറുപ്പ്. ഏതെങ്കിലും വിദ്യാലയത്തില്‍ പോയി കാര്യമായ പഠനം നടത്തിയതായി അറിവില്ല

തകഴിയിലും സമീപഗ്രാമങ്ങളായ ചമ്പക്കുളത്തും നെടുമുടിയിലും തന്‍റെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന കുറിച്ചിയിലും എണ്ണപ്പെട്ട കഥകളി കലാകാരന്മാര്‍ അക്കാലത്ത് സുലഭമായിരുന്നു.

കുറുപ്പിന്‍റെ ആദ്യകാലഗുരുക്കന്മാര്‍ പ്രസിദ്ധ നാട്യകലാചാരന്മാരും സഹോദരന്മാരുമായ കൊച്ചപ്പിരാമന്മാരയിരുന്നു (കൊച്ചയ്യപ്പപ്പണിക്കര്‍, 1846-1948) രാമപ്പണിക്കാര്‍, (1866-1931) പന്ത്രണ്ടാം വയസ്സില്‍ ഇവരുടെ കീഴില്‍ അഭ്യസനമാരംഭിച്ച കുറുപ്പിന്‍റെ അരങ്ങേറ്റം അടുത്തവര്‍ഷം (1849) തന്നെ നടന്നു.

PRO
പിന്നീട് ചമ്പക്കുളം ശങ്കുപ്പിള്ളയുടെ കീഴില്‍ അഭ്യസനം തുടര്‍ന്ന കുറുപ്പ് അടുത്ത ഏഴുവര്‍ഷം മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ കളിയോഗത്തിലെ ഒരു കുട്ടിത്താരമായി. മറ്റു പലരേയും പോലെ ആദ്യം കുറുപ്പും സ്ത്രീവേഷക്കാരനായിരുന്നു.

ചില പ്രത്യേക സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വികസ്വരാവസ്ഥയിലേക്ക് നീങ്ങുന്ന കുഞ്ചുക്കുറുപ്പിലെ കലാപ്രതിഭയെ കണ്ടെത്തിയതും തട്ടിയുണര്‍ത്തിയതും.

അക്കാലത്തെ ഒരു പ്രസിദ്ധ നടനായിരുന്ന തിരുവല്ലാ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍, വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് എന്ന മറ്റൊരു നടന്‍, 1902 ല്‍തന്‍റെ കളിയോഗവുമായി ഒരു ഉത്തരകേരള പര്യടനം അരംഭിച്ചു. അതോടെ തെക്കന്‍ ചിട്ടക്കാരനായ കുറുപ്പിന്‍റെ അഭിനയസിദ്ധി മലബാറില്‍ പരക്കെ പ്രസിദ്ധമായി.

മന്ത്രേടത്ത് നമ്പൂതിരിപ്പാടെന്ന ഒരു ധനാഢ്യന്‍ കുറുപ്പിനെ തന്‍റെ അന്തോവാസിയായി ക്ഷണിച്ചത് അദ്ദേഹം സാഹ്ളാദം സ്വീകരിക്കുകയാണുണ്ടായത്.

വളരെക്കാലം കഴിഞ്ഞ് നാലുകൊല്ലക്കാലത്തോളം (1948-52) നാഗസ്വരവിദ്വാനായ
ശങ്കരനാരായണപ്പണിക്കരുടെ ക്ഷണം സ്വീകരിച്ച് ചെമ്പകശ്ശേരി നടന കലാമണ്ഡലത്തിന്‍റെ പ്രഥമാചാര്യനായി ജന്മദേശത്ത് താമസിച്ചത് മാറ്റിനിര്‍ത്തിയാല്‍ കുഞ്ചുക്കുറുപ്പിന്‍റെ പല്‍ക്കാലവാസം മുഴുവന്‍ മലബാര്‍ പ്രദേശത്തുതന്നെയായിരുന്നു.

കഥകളിപ്രസ്ഥാനത്തിലും ആസ്വാദക പ്രപഞ്ചത്തിലും ഒരു പുതിയ തലമുറയെ കരുപ്പിടപ്പിക്കാന്‍ കുറുപ്പ് ചെയ്ത അമൂല്യസേവനമാണ്, വള്ളത്തോളിന്‍റേതിനോടും കേരള കലാമണ്ഡലത്തിന്‍റേതിനോടും സമസ്കന്ധമായി ഈ ദൃശ്യകലാപ്രസ്ഥാനം നേടിയ സാര്‍വലൗകികാംഗീകരണത്തിന് അടിത്തറപാകിയത്.


PRO
കേന്ദ്രസംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപതിയുടെ അവാര്‍ഡു ലഭിച്ച ആദ്യത്തെ കലാകാരന്മാരില്‍ ഒരാള്‍ കുഞ്ചുക്കുറുപ്പാണ്.

1956 ല്‍ ഗായികയായ എം.എസ്. സുബ്ബലക്സ്മിയും മാര്‍ദ്ദംഗികനായ പാലക്കാട്ട് മണിഅയ്യരും കുറുപ്പിനോടൊപ്പം ഈ പാരിതോഷികത്തിന് അന്ന് പാത്രമായി. 1967 ല്‍ പത്മശ്രീയും 1969 ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ സഭാജനത്വവും ഇദ്ദേഹത്തിന് ലഭിച്ചു.

കഥകളി പ്രസ്ഥാനത്തെപ്പറ്റിയുള്ള ഒരു ആധുനികഗ്രന്ഥത്തില്‍ തല്‍കര്‍ത്താവ് കഥകളിയുടെ വികാസ പരിണാമചരിത്രത്തെ ചില നടന്മാരുടെ "കാല' മെന്ന നിലയില്‍ വിശേഷിച്ചു കാണുന്നു. ഏതെങ്കിലും വിഭാഗവത്കരണത്തിനു രണ്ടാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തിലെ കഥകളിലോകത്തെ വിധേയമാക്കണമെങ്കില്‍ "കുഞ്ചുക്കുറുപ്പിന്‍റെ കാലം' എന്ന രീതിയില്‍ മാത്രമായിരിക്കും.

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ മലയാള പണ്ഡിതനായ തെന്മഠത്തില്‍ കേശവമേനോന്‍റെ പുത്രിയും തന്‍റെ ഒരു സഹനടനായിരുന്ന പാലയില്‍ കുരുണാകരമേനോന്‍റെ അനന്തരവനുമായ ശ്രീദേവിയെ അദ്ദേഹം വിവാഹം കഴിച്ചത് 1910 ലാണെങ്കിലും പാലക്കാട്ടു ജില്ലയില്‍ കോട്ടായില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങി കെട്ടിടം പണിയിച്ച് അവിടെ സ്ഥിരതാമസമുറപ്പിച്ചത് 1940 ല്‍ മാത്രമാണ്.

അതിനു മുമ്പുള്ള കാലമെത്രയും താന്‍ സേവിക്കുന്ന കലാദേവിയെ മേളവാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ട് അദ്ദേഹം ദേശദേശാന്തരം രാപ്പകല്‍ നടന്നു കഴിച്ചുകൂട്ടി.

അദ്ദേഹത്തിന്‍റെ പുത്രന്മാരില്‍ ഹരിദാസന്‍ മഹാകവി ടാഗോറിന്‍റെ വിശ്വഭാരതിയില്‍ ഭാരതീയ നൃത്തകലാധ്യാപകനാണ്. ജാമാതാവായ മാധവന്‍ മദിരാശിയിലെ ജെമിനി സ്റ്റുഡിയോവില്‍ നൃത്തസംവിധായകനും.

1964 ഏപ്രിലില്‍ കുഞ്ചുക്കുറുപ്പിന്‍റെ ശതാഭിഷേകം കോട്ടയില്‍വച്ച് ഒരു അഖില കേരളീയ ദേശീയോത്സവമായി ആഘോഷിച്ചു.