കുഞ്ചന്‍ നമ്പ്യാരുടെ പിറന്നാള്‍

PRO
തുള്ളന്‍ കവിതകള്‍ എഴുതുകയും അവ അഭിനയരൂപമായി അവതരിപ്പിക്കുകയും ചെയ്ത മലയാള കവിശ്രേഷ്ഠനാണ് കുഞ്ചന്‍ നമ്പ്യാര്‍.

അദ്ദേഹത്തിന്‍റെ ജനനത്തെ പറ്റി കൃത്യമായ വിവരമില്ലാത്തതിനാല്‍ മെയ് അഞ്ചാണ് കുഞ്ചന്‍ നമ്പ്യാര്‍ ജയന്തി ദിനമായി കണക്കാക്കുന്നത്. നമ്പ്യാരുടെ മുന്നൂറ്റി മൂന്നാം ജന്മ ദിനമാണ് 2008 ല്‍ ആഘോഷിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിലാണ് നമ്പ്യാര്‍ ജനിച്ചതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. 1705 ലാണിതെന്നാണ് വിശ്വാസം. കിള്ളിക്കുരിശ്ശിമംഗലത്തെ -കലക്കത്തുഭവനത്തില്‍. നങ്ങ്യാരുടെ മകനായിരുന്നു. കലക്കത്തുഭവനം ഇപ്പോള്‍ ഒരു ദേശീയ സ്മാരകമാണ്.

ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞശേഷം പിതാവിനോടൊത്ത് കിടങ്ങൂരെത്തിയ നമ്പ്യാര്‍ കുടമാളൂരുള്ള ചെമ്പകശ്ശേരി രാജകുടുംബവുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന് അമ്പലപ്പുഴ ചെന്ന് ദേവനാരായണ രാജാവിന്‍റെ ആശ്രിതനായിക്കഴിഞ്ഞ മാത്തൂര്‍ പണിക്കരുടെ കീഴില്‍ കളരിയഭ്യാസം നടത്തി. ദ്രോണാമ്പള്ളി നായ്ക്കര്‍, നന്ദിക്കാട്ട് ഉണ്ണിരവിക്കുറുപ്പ് എന്നിവരുടെയടുക്കല്‍നിന്ന് ഉപരിപഠനം നടത്തി.

സുന്ദോപസുന്ദോപാഖ്യാനം തുള്ളലിലും മറ്റും ഈ ഗുരുക്കന്മാരെ നമ്പ്യാര്‍ സ്തുതിക്കുന്നുണ്ട്. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കിയപ്പോള്‍ നമ്പ്യാര്‍ തിരുവനന്തപുരത്തെത്തി.

രാജകൊട്ടാരവുമായി ബന്ധപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മയുടെ കവിസദസ്സില്‍ രാമപുരത്തുവാരിയര്‍, ഉണ്ണായിവാരിയര്‍ എന്നിവരോടൊപ്പം കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു. ദളവാ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ കാലശേഷം അമ്പലപ്പുഴയ്ക്ക് തിരിച്ചുപോയി.

പേര് രാമനെന്നാണെന്നും രാമപാണിവാദന്‍ എന്ന സംസ്കൃതകവി കുഞ്ചന്‍ നമ്പ്യാര്‍ തന്നെയാണെന്നും മറ്റുമുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.


മറ്റു നമ്പ്യാന്മാരെപ്പോലെ കുഞ്ചനും ആദ്യകാലത്ത് ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിവന്നിരുന്നു. ഒരു ദിവസം കൂത്തിനിടയ്ക്ക് ഉറങ്ങിപ്പോയ അദ്ദേഹം ചാക്യാരുടെ പരസ്യമായ പരിഹാസത്തിന് ശരവ്യനായി.

അതിനും പകരം വീട്ടാനായി പിറ്റേന്നും പകല്‍ എഴുതിത്തയ്യാറാക്കിയ കല്യാണസൗഗന്ധികം തുള്ളല്‍ അന്നു രാത്രിതന്നെ ക്ഷേത്രവളപ്പില്‍ അവതരിപ്പിക്കുകയും ജനങ്ങളെയെല്ലാം അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്തുവെന്നും ഒരു ഐതിഹ്യമുണ്ട്.

ഈ കലയുടെ പ്രാഗ്രൂപം അതിനു മുന്‍പ് തന്നെ നിലവിലിരുന്നതായി കരുതാം. അതിനെ വ്യവസ്ഥാപനം ചെയ്തു പ്രേരിപ്പിച്ചത് നമ്പ്യാരാണ്.

അനേകം തുള്ളല്‍ കാവ്യങ്ങളെഴുതി ജനകീയ കവി എന്ന നിലയില്‍ നമ്പ്യാര്‍ വിഖ്യാതനായി. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്നുതരം തുള്ളലുകള്‍ക്കുള്ള കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിലെ ഇതിവൃത്തങ്ങള്‍ ഇതിഹാസപുരാണങ്ങളില്‍നിന്ന് സ്വീകരിച്ചവയാണ്.

ഈ കഥകളുടെ ചട്ടക്കൂട്ടില്‍ അമ്പലപ്പുഴയിലെയും തിരുവനന്തപുരത്തെയും ജനജീവിത യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമകാലിക പ്രസക്തിയുള്ള കാവ്യങ്ങള്‍ എഴുതാനാണ് അദ്ദേഹം തയ്യാറായത്.

പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്‍റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണ ഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്.

സന്താനഗോപാലം, ബാണയുദ്ധം, സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സീതാസ്വയംവരം എന്നിങ്ങനെ 23ല്‍ പരം ഓട്ടന്‍ തുള്ളലുകളും, കല്യാണസൗഗന്ധികം ഗണപതിപ്രാതല്‍, സുന്ദോപസുന്ദോപാഖ്യാനം, ധ്രുവചരിതം,കാളിയമര്‍ദ്ദനം എന്നിങ്ങനെ 14-ഓളം ശീതങ്കന്‍ തുള്ളലുകളും ത്രിപുരദഹനം, പാഞ്ചാലിസ്വയംവരം, സഭാപ്രവേശം, കീചകവധം എന്നിങ്ങനെ പത്തോളം പറയന്‍ തുള്ളലുകളും കുഞ്ചന്‍ നമ്പ്യാര്‍ സംഭാവന ചെയ്തിട്ടുണ്ട്.

മറ്റനേകം തുള്ളകഥകളുടെ കര്‍തൃത്വം അദ്ദേഹത്തില്‍ ആരോപിക്കപ്പെടുന്നുവെങ്കിലും എല്ലാം അദ്ദേഹത്തിന്‍റെ കൃതികളല്ല.

ബാണയുദ്ധം ആട്ടക്കഥ, ശീലാവതി നാലുവൃത്തം, രാസക്രീഡ കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം തുടങ്ങിയ തുള്ളലുകള്‍ അല്ലാത്ത ചില കൃതികളും അദ്ദേഹത്തിന്‍റെ രചനകളായി കണക്കാക്കപ്പെടുന്നു.

വെബ്ദുനിയ വായിക്കുക