കഥകളിയിലെ ഹംസം പറന്നകന്നു

WDWD
ഒരു മഹാനടന്‍ കൂടി നമ്മെ വിട്ടു പിരിഞ്ഞു. കഥകളിയുടെ കുലപതികളില്‍ ഒരാളായ ഓയൂര്‍ കൊച്ചു ഗോവിന്ദ പിള്ള.

അഭിനയത്തിലെ തികവായിരുന്നു ഓയൂരിന്‍റെ ഏറ്റവും വലിയ സവിശേഷത.തികഞ്ഞ ദേഹ നിയന്ത്രണവും സൂക്ഷ്മമായ ഭാവങ്ങള്‍ അഭിവ്യഞ്ജിപ്പിക്കാനുള്ള കഴിവും ഓയൂരിനേ ശ്രദ്ധേയനാക്കി.സാത്വിക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിനു അന്യാദൃശമായ കഴിവുണ്ടായിരുന്നു.

വള്ളത്തോള്‍ കഥകളിയെ പുനരുദ്ധരിച്ച ശേഷം ഉയര്‍ന്നു വന്ന മഹാ നടന്മാരുടെ ശ്രേണിയില്‍ പെട്ട ഒരാളായിരുന്നു ഓയൂര്‍.നടന്‍ എന്നതുപോലെ മികച്ച ആചാര്യനുമായിരുന്നു അദ്ദേഹം .ഓയൂരാശാന്‍ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഓയൂരില്‍ അദ്ദേഹം സ്വന്തമായി ഒരു കഥകളിയോഗം തുടങ്ങിയെങ്കിലും അത്‌ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല . പക്ഷേ ഒരു ചെറുമകന്‍ കത്തകളി നടനായി വളര്‍ന്നു വരുന്നുണ്ട്.

'രുഗ്മിണീ സ്വയംവര'ത്തിലെ ബ്രാഹ്മണന്‍,രുഗ്മാംഗദചരിത'ത്തിലെ രുഗ്മാംഗദന്‍, ' കര്‍ണ്ണ ശപഥ'ത്തിലെ കര്‍ണ്ണന്‍, 'കംസവധ'ത്തിലെ അക്രൂരന്‍, ദേവയാനി ചരിത'ത്തിലെ കചന്‍,'രാവണ വിജയ'ത്തിലെ രാവണന്‍, 'നളചരിത'ത്തിലെ നളന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങള്‍ ചെയ്തുവെങ്കിലും നളചരിതത്തിലെ ഹംസമാണ് ഓയൂരിന്‍റെ പ്രശസ്ത വേഷം.

അദ്ദേഹത്തിനിഷ്ടപ്പെട്ട വേഷവും അതുതന്നെ. നളന്‍റെയും ദമയന്തിയുടെയും ഇടയില്‍ പ്രണയ ദൂതുമായി എത്തുന്ന ഹംസം നര്‍മ്മപ്രധാനമായ കഥാപത്രമാണ് ഇതില്‍ അനുതാപത്തിന്‍റെ കാരുണ്യത്തിന്‍റെ അംശം ഓയൂര്‍ര്‍ സഫലമായി ചാലിച്ചു ചേര്‍ത്തു.

അതുകൊണ്ട് ഹംസത്തിനു അരങ്ങില്‍ കൂടുതല്‍ മിഴിവുണ്ടായി.കഥകളി ഭ്രാന്തന്മാര്‍ പറയുക കുറിച്ചി കുഞ്ഞന്‍പിള്ളയ്‌ക്കുശേഷം കളിയരങ്ങില്‍ ഹംസത്തെ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാന്‍ ഓയൂരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ്‌ .


ഓയൂര്‍ കോണത്തുവീട്ടില്‍ നാരായണ പിള്ളയുടെയും പെണ്ണമ്മയുടെയും മകനായി ജനിച്ചു.കൊച്ചുഗോവിന്ദപ്പിള്ളയ്‌ക്ക്‌ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കഥകളി കാണാന്‍ എത്തിയതോടെയാണ്‌ കഥകളി ഭ്രമം തുടങ്ങുന്നത്.

അക്കാലത്തെ പ്രസിദ്ധ കഥകളി ആചാര്യനായ ചാത്തന്നൂര്‍ വെല്ലുപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചുഒന്‍പതാം വയസ്സിലായിരുന്നു അരങ്ങേറ്റം.ചെന്നിത്തല കൊച്ചുപിള്ള, കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്‍ തുടങ്ങിയവരായിരുന്നു മറ്റുഗുരുക്കന്മാര്‍.

'സുന്ദരീസ്വയംവര'ത്തിലെ ശ്രീകൃഷ്‌ണന്റെ വേഷമെടുത്ത്‌ അരങ്ങേറ്റം നടത്തിയ കൊച്ചുഗോവിന്ദപ്പിള്ളയെക്കണ്ട്‌ കുറിച്ചി കുഞ്ഞന്‍പിള്ളയും ചെന്നിത്തല കൊച്ചുപണിക്കരും മികച്ച കലാകാരനായി വളര്‍ന്നുവരും എന്ന് ആശിര്‍വാദംനല്‍കിയതായി പഴമക്കാര്‍ പറയാറുണ്ട്.

2005 ലെ കേരള സര്‍ക്കാരിന്‍റെ കഥകളി പുരസ്കാരം ഓയൂരിനായിരുന്നു.കഥകളി രംഗത്ത് സാത്വിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ പ്രശംസാര്‍ഹമായ സംഭാവന നല്‍കിയ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ള കുലപതി സ്ഥാനീയനാണ് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി അന്നു വിലയിരുത്തിയിരുന്നു.

92 കാരനായ ഓയൂരിന്‍ 9 മക്കളുണ്ട്- 6 ആണും 3 പെണ്ണും.

വെബ്ദുനിയ വായിക്കുക