ആദ്യ ലോകയുദ്ധത്തിന് ഇന്ന് ഒരു നൂറ്റാണ്ട്

തിങ്കള്‍, 28 ജൂലൈ 2014 (09:33 IST)
മനുഷ്യന്റെ യുദ്ധക്കൊതിയുടെയും സാമ്രാജ്യത്ത്വ മോഹങ്ങളുടെയും എന്നും നിലക്കാത്ത ആഗ്രഹങ്ങളുടെ പരിണിത ഫലങ്ങളുടെ ആകെത്തുകയായ മനുഷ്യ രാശിയുടെ ചരിത്രത്തിലെ ആദ്യത്തെ ലോക യുദ്ധത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11വരെ ലോകം വെടിയൊച്ചകള്‍ കൊണ്ട് മുഖരിതമായി. അന്തരീക്ഷത്തിലെങ്ങും വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞു നിന്ന വര്‍ഷങ്ങള്‍.

രണ്ടുപേരുടെ കൊലപാതകം കോടിക്കണക്കിനാള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ച യുദ്ധം. സാമ്രാജ്യങ്ങളുടെ തകര്‍ച്ചക്കും പുതിയ രാജ്യങ്ങളുടെ ഉയര്‍ച്ചക്കും പുതിയ ലോക ശക്തികളുടെ കടന്നു വരവിനും കാരണമായ യുദ്ധമായിരുന്നു ഒന്നം ലോക മഹായുദ്ധം.

1914 ജൂണ്‍ 28: ഓസ്ട്രിയ-ഹംഗറിയിലെ കിരീടാവകാശിയായ  ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്‍ഡ് രാജകുമാരന്‍ വധിക്കപ്പെട്ടതോടെയാണ് യുദ്ധത്തിന്റെ തീപ്പൊരികള്‍ കത്തിത്തുടങ്ങിയത്. ഫെര്‍ഡിനാന്‍ഡിനെയും ഭാര്യയെയും സെര്‍ബിയക്കാരന്‍ ഗാവ്രിലോ പ്രിന്‍സിപ്പ് എന്നയാളാണ് വധിച്ചത്.

തുടര്‍ന്ന് സംഭവത്തില്‍ സെര്‍ബിയയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് 1914 ജൂലൈ 28ന് അയല്‍രാജ്യമായ സെര്‍ബിയയ്ക്കെതിരെ ഓസ്ട്രിയ-ഹംഗറി യുദ്ധം പ്രഖ്യാപിക്കുന്നു. 1914 ഓഗസ്റ്റ് 4ന് ജര്‍മ്മനി ബെല്‍ജിയത്തേ ആക്രമിക്കുന്നു. അതോടെ ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് ജര്‍മനി റഷ്യയ്ക്കെതിരെയും ഫ്രാന്‍സിനെതിരെയും യുദ്ധപ്രഖ്യാപനം നടത്തി.

1914 ഓഗസ്റ്റ് 10ന് റഷ്യയെ ഓസ്ട്രിയ-ഹംഗറി ആക്രമിച്ചതോടെ യുദ്ധം കിഴക്കന്‍ മേഖലയിലേക്ക് വ്യാപിച്ചു. ഇതേ സമയം ജര്‍മ്മനി തങ്ങളുടെ മുന്നേറ്റം ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ സഖ്യകക്ഷികള്‍ ഒന്നിച്ച് 1914 സെപ്റ്റംബറില്‍ ജര്‍മ്മനിയുടെ മുന്നേറ്റത്തേ തടഞ്ഞു.

ജര്‍മ്മന്‍ മുന്നേറ്റത്തേ തകര്‍ക്കാന്‍ സഖ്യ കക്ഷികള്‍ക്ക് കഴിഞ്ഞതിന്റെ പ്രതികാരമായി 1915 ഫെബ്രു 18ന് ജര്‍മനി ബ്രിട്ടനെതിരായ ഉപരോധം തുടങ്ങി. 1915 മേയ് 7ന് ലുസിട്ടാനിയ എന്ന യാത്രാകപ്പലിനെ ജര്‍മന്‍ അന്തര്‍വാഹിനി  മുക്കിയത് യുദ്ധത്തിന്റെ ഗതിയേ തന്നെ മാറ്റിമറിച്ചു.

                         തുടര്‍ന്ന് വായിക്കുക  സമാധാനത്തിലേക്കുള്ള വഴി......
1915 മെയ് 23ന്  ഓസ്ട്രിയ-ഹംഗറിക്കെതിരെ ഇറ്റലിയും യുദ്ധം ആരംഭിച്ചതോടെ പുതിയൊരു യുദ്ധമുന്നണി നിലവില്‍ വന്നു. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ 1916 മേയ് 31ന് ബ്രിട്ടന്റെയും ജര്‍മനിയുടെയും കപ്പല്‍പ്പടകള്‍ ജുട്ലാന്‍ഡില്‍ ഏറ്റുമുട്ടി.  ഇതൊടെ 1916 ജൂലൈയില്‍ ലോകത്താദ്യമായി യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ടാങ്ക് ഉപയോഗിക്കുന്നു.

ഇതിനേ പ്രതിരോധിക്കുന്നതിനായി ജര്‍മനി അന്തര്‍വാഹിനികളുപയോഗിച്ചു യുദ്ധം പുനരാരംഭിച്ചു. 1917 ഏപ്രില്‍ 6ന് ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയും യുദ്ധത്തില്‍ പങ്കുചേരുന്നു. 1918 ജനുവരി 8ന് അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ സമാധാനത്തിന് അടിസ്ഥാനമായി പതിനാലിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.

എന്നാല്‍ ഇതംഗീകരിക്കാതെ ജര്‍മ്മനി യുദ്ധം തുടര്‍ന്നു. എന്നാല്‍ 1918 നവംബര്‍ 11ന് നില്‍ക്കക്കള്ളിയില്ലാതെ ജര്‍മനി സമാധാനസന്ധി ഒപ്പുവച്ചതോടെ യുദ്ധത്തിനു വിരാമമായി. 1919 ജൂണ്‍ 28ന് വെഴ്സായ് ഉടമ്പടി പ്രാബല്യത്തില്‍ വരുന്നു. ഇതോടെ യുദ്ധത്തിന് പൂര്‍ണ്ണ വിരാമയായി.

എന്നാല്‍ ഒന്നം ലോകയുദ്ധത്തിലെ മുറിവുകള്‍ തീര്‍ക്കുന്നതിനായാണ് രണ്ടാം ലോകയുദ്ധം ആരംഭുഇച്ചതെന്നുള്ളത ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. യുദ്ധം ഒന്നിന്റെയും അവസാനമല്ല. മറിച്ച് മറ്റൊന്നൊന്റെ ആരംഭം മാത്രമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍.

വെബ്ദുനിയ വായിക്കുക